സൗദിയിൽ മാസപ്പിറവി കണ്ടു; ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്

റിയാദ്: സൗദി അറേബ്യയിൽ റമദാൻ മാസപ്പിറവി ദൃശ്യമായതായി റോയൽ കോർട്ട് അറിയിച്ചു. രാജ്യത്തെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിൽ മാസപ്പിറവി ദൃശ്യമായതായി സുപ്രീം കോടതി സ്ഥിരീകരിച്ചു. ഇതോടെ ഹിജ്റ വർഷം 1447-ലെ വിശുദ്ധ റമദാൻ മാസത്തിന് നാളെ (ബുധനാഴ്ച) തുടക്കമാകും.
മാസപ്പിറവി നിരീക്ഷിക്കുന്നതിനായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ നിരീക്ഷണ കേന്ദ്രങ്ങളിൽ പ്രത്യേക സമിതികൾ ഇന്ന് (ചൊവ്വ) ഉച്ചകഴിഞ്ഞ് നിലയുറപ്പിച്ചിരുന്നു. പ്രമുഖ ജ്യോതിശാസ്ത്രജ്ഞർ, ഖാദിമാർ, വിദഗ്ധരായ മാസപ്പിറവി നിരീക്ഷകർ എന്നിവർ ഈ ദൗത്യത്തിൽ പങ്കാളികളായി. ശരീഅത്ത് നിയമങ്ങൾക്കനുസൃതമായ കൃത്യത ഉറപ്പുവരുത്തുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ഹിജ്റ 1447 ശഅബാൻ 29-ന് (2026 ഫെബ്രുവരി 17, ചൊവ്വ) മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി നേരത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു.
നഗ്നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനി വഴിയോ മാസപ്പിറവി കാണുന്നവർ അടുത്തുള്ള കോടതിയെ വിവരം അറിയിക്കണമെന്നും സാക്ഷ്യം രേഖപ്പെടുത്തണമെന്നും കോടതി നേരത്തെ പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. മാസപ്പിറവി സ്ഥിരീകരിച്ചതോടെ ഗൾഫ് രാജ്യങ്ങളിൽ നാളെ മുതൽ വിശ്വാസികൾ വ്രതപുണ്യത്തിലേക്ക് കടക്കും.










