
കരിവെള്ളൂർ: പെരളം പൊതുജന വായനശാല ആൻ്റ് ഗ്രന്ഥാലയം കൊഴുമ്മലിന്റെ എഴുപതാം വാർഷികാഘോഷങ്ങൾക്ക് വിളംബരമേകി വർണ്ണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചു. വാദ്യമേളങ്ങളും മുത്തുക്കുടകളും കഥകളി വേഷങ്ങളും അകമ്പടി സേവിച്ച ഘോഷയാത്ര ആഘോഷങ്ങളുടെ ആവേശം വിളിച്ചോതുന്നതായിരുന്നു.
കൊഴുമ്മൽ ബാങ്ക് പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്രയ്ക്ക് സംഘാടക സമിതി ചെയർമാൻ എം. രാഘവൻ, ജനറൽ കൺവീനർ കെ. സന്തോഷ്, വായനശാല സെക്രട്ടറി എം.വി. രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. വായനശാലയുടെ മുൻകാല ഭാരവാഹികളും സാംസ്‌കാരിക പ്രവർത്തകരും നാട്ടുകാരും ഘോഷയാത്രയിൽ അണിനിരന്നു. എഴുപതാം വാർഷികത്തോടനുബന്ധിച്ച് വരും ദിവസങ്ങളിലും വിപുലമായ പരിപാടികളാണ് സംഘാടക സമിതി ആസൂത്രണം ചെയ്തിരിക്കുന്നത്.






