കുമ്പളയിൽ വൻ കവർച്ച: അഭിഭാഷകയുടെ വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണ്ണവും പണവും കവർന്നു

കുമ്പള: വീട്ടുകാർ പുറത്തുപോയ തക്കം നോക്കി വീട് കുത്തിത്തുറന്ന് വൻ കവർച്ച. കോയിപ്പാടി നായിക്കാപ്പിലെ അഭിഭാഷകയായ ചൈത്രയുടെ (25) ‘മേന ഹൗസ്’ എന്ന വീട്ടിലാണ് കവർച്ച നടന്നത്. 30 പവനോളം സ്വർണ്ണാഭരണങ്ങളും 25,000 രൂപ വിലവരുന്ന വെള്ളി ആഭരണങ്ങളും 5,000 രൂപയുമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്.
ഇന്നലെ (ഞായറാഴ്ച) വൈകുന്നേരം 6.30-നും രാത്രി 8 മണിക്കും ഇടയിലുള്ള ചുരുങ്ങിയ സമയത്തിനുള്ളിലാണ് കവർച്ച നടന്നത്. വീട്ടുകാർ പുറത്തുപോയി തിരികെ എത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാലകൾ, വളകൾ, മോതിരങ്ങൾ, ബ്രേസ്ലെറ്റുകൾ എന്നിവയും വെള്ളി ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. ആകെ 31,67,000 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. ചൈത്രയുടെ പരാതിയിൽ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.









