LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 23, 2026

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് മൂന്ന് ചുമട്ടുതൊഴിലാളികൾക്ക് ദാരുണാന്ത്യം, ബിജെപി കോര്‍പ്പറേഷൻ മാര്‍ച്ചിൽ സംഘര്‍ഷം, പണിമുടക്കി തൊഴിലാളികള്‍, വ്യാപക പ്രതിഷേധം

img_9415.jpg
Spread the love

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. ലോഡിങ്ങ് തൊഴിലാളികളായ ജബ്ബാര്‍ (കിനാശ്ശേരി സ്വദേശി), അഷ്റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അഞ്ചുപേരെ ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ഇവരിൽ മൂന്ന് പേരുടെ മരണം പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.

ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ ഭാഗമാണ് തകർന്നുവീണത്. തൊട്ടടുത്തുള്ള സ്ഥാപനത്തിന്‍റെ ഗോഡൗണായി പ്രവർത്തിച്ചു വരികയായിരുന്നു കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം. ഇവിടേക്കുള്ള സാധനങ്ങള്‍ ഇറക്കിയതിന് ശേഷം ഷട്ടറിനോട് ചേര്‍ന്നുള്ള തറയിലിരുന്ന് വിശ്രമിക്കുകയായിരുന്നു തൊഴിലാളികൾ. ഈ സമയത്താണ് കെട്ടിടത്തിന്‍റെ സ്ലാബ് ഇവർക്ക് മുകളിലേക്ക് അപ്രതീക്ഷിതമായി തകര്‍ന്നു വീണത്. അവിടെയുണ്ടായിരുന്ന ഏഴുപേരിൽ രണ്ട് പേര്‍ക്ക് പെട്ടെന്ന് ഓടി മാറാൻ സാധിച്ചെങ്കിലും ബാക്കി അഞ്ചുപേർ അപകടത്തിൽ പെടുകയായിരുന്നു.

കെട്ടിടത്തിന്‍റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വിവരമറിഞ്ഞ് മേയർ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി. അപകടാവസ്ഥയിലായ ഈ കെട്ടിടത്തിലേക്ക് ഇനി ആളുകളെ പ്രവേശിപ്പിക്കില്ലെന്ന് മേയര്‍ വ്യക്തമാക്കി.

കോർപ്പറേഷനിലേക്ക് ബി.ജെ.പി മാർച്ച്:

അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് നടത്തിയ മാര്‍ച്ചിൽ വൻ സംഘര്‍ഷമുണ്ടായി. മേയറുടെ ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.

അനാസ്ഥയെന്ന് പ്രതിപക്ഷം:

കോര്‍പ്പറേഷനതിരെ അതിരൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. തകർന്നത് 1977-ൽ നിർമ്മിച്ച 50 വർഷം പഴക്കമുള്ള കെട്ടിടമാണെന്ന് കോര്‍പ്പറേഷൻ പ്രതിപക്ഷ നേതാവ് എസ്‍.കെ അബൂബക്കര്‍ പറഞ്ഞു. 2024-ൽ പുതിയ കെട്ടിടത്തിന് ഡി.പി.ആർ തയ്യാറാക്കിയിട്ടും ഈ കെട്ടിടം ഒഴിയാൻ നിർദേശിക്കാത്തത് കോർപ്പറേഷൻ്റെ അനാസ്ഥയാണെന്ന് അദ്ദേഹം ആരോപിച്ചു. അപകാടവസ്ഥയിലുള്ള ഈ കെട്ടിടത്തിൽ മാസങ്ങൾക്കു മുൻപ് പുതിയ സ്ഥാപനത്തിന് ലൈസൻസ് നൽകിയെന്നും, മരിച്ചവർക്ക് നഷ്ടപരിഹാരവും പരിക്കേറ്റവരുടെ ചികിത്സാചെലവും കോർപ്പറേഷൻ ഏറ്റെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

വീഴ്ച പരിശോധിക്കുമെന്ന് കോർപ്പറേഷൻ സെക്രട്ടറി:

സംഭവത്തിൽ എന്തെങ്കിലും വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു. ഇപ്പോൾ തകർന്ന കെട്ടിടം ഉൾപ്പെടെയുള്ളവ അപകടാവസ്ഥയിലാണെന്ന് 2024-ൽ എൻജിനീയറിങ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നതായും, കെട്ടിടം പൊളിച്ച് പുതിയത് നിർമ്മിക്കാൻ കൗൺസിൽ തീരുമാനിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പുതിയ ലൈസൻസ് ആർക്കും നൽകിയിരുന്നില്ലെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!