കന്യാസ്ത്രീകൾക്ക് ജാമ്യം നൽകി എൻ.ഐ.എ കോടതി; ഒമ്പത് ദിവസത്തിനു ശേഷം ജയിൽമോചനം

ബിലാസ്പുർ: ഛത്തീസ്ഗഢിൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചു. മലയാളികളായ സിസ്റ്റർ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവർക്ക് ബിലാസ്പുരിലെ എൻ.ഐ.എ കോടതിയാണ് ജാമ്യമനുവദിച്ചത്. ഒമ്പത് ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്. 50,000 രൂപയുടെ ബോണ്ട്, രണ്ട് ആൾജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
മൂന്നാമത്തെ ജാമ്യാപേക്ഷയിലാണ് വാദം പൂർത്തിയാക്കി വിധി പ്രസ്താവിച്ചത്. ബിലാസ്പുർ എൻ.ഐ.എ പ്രത്യേക കോടതിയിലെ വാദത്തിനിടയിൽ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷന് എതിര്‍ത്തെങ്കിലും കോടതി തള്ളിക്കളഞ്ഞു. ജാമ്യം ലഭിച്ചതോടെ കന്യാസ്ത്രീകൾക്ക് കേരളത്തിലേക്ക് തിരിച്ചുവരാനാകും.
മതപരിവർത്തനം നടത്താൻ പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് (എ.എസ്.എം.ഐ) സന്യാസി സഭ അംഗങ്ങളായ അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരി, കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെ അറസ്റ്റ് ചെയ്തത്.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിത 143 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ആദിവാസി പെൺകുട്ടിയടക്കം നാല് പെൺകുട്ടികളുമായി ആഗ്രയിലേക്ക് പോകുമ്പോഴാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽനിന്ന് ഛത്തീസ്ഗഡ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് ഇരുവരും.
മാതാപിതാക്കളുടെ സമ്മതപ്രകാരം കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോകുകയായിരുന്നു പെൺകുട്ടികളെന്ന് സി.ബി.സി.ഐ വനിത കൗൺസിൽ സെക്രട്ടറി സിസ്റ്റർ ആശ പോൾ വ്യക്തമാക്കി. എന്നാൽ, മതപരിവർത്തനം നടത്താൻ പെൺകുട്ടികളെ കടത്തിക്കൊണ്ട് പോകുകയാണെന്നാണ് ബജ്രംഗ്ദൾ പ്രവർത്തകർ ആരോപിച്ചത്.
മാതാപിതാക്കളുടെ സമ്മതപത്രം തള്ളിക്കളഞ്ഞാണ് അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകളുടെ കൂടെയുള്ള പെൺകുട്ടികളെല്ലാം 18 വയസ്സ് പിന്നിട്ടവരാണെന്ന രേഖകൾ കൈവശമുണ്ടായിരുന്നു. ഇതും പരിഗണിക്കാതെയാണ് അറസ്റ്റും റിമാൻഡും ചെയ്തത്. അറസ്റ്റിന് പിന്നാലെ വൻതോതിൽ കേരളത്തിലും ഡൽഹിയിലും പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷ പാർട്ടികളും ക്രിസ്ത്യൻ സഭയും ബി.ജെ.പിക്കുനേരെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.










