മണ്ഡലംതല കൺവെൻഷനുകളുമായി മഹിളാകോൺഗ്രസ്
കണ്ണൂർ : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മഹിളാ കോൺഗ്രസിന്റെ പ്രവർത്തനം വാർഡ് തലം വരെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ ജില്ലയിലെ മുഴുവൻ സംഘടന മണ്ഡലങ്ങളിലും മണ്ഡലം തല കൺവെൻഷനുകളുകൾ വിളിച്ചു ചേർക്കാൻ മഹിളാ കോൺഗ്രസ് ജില്ലാ നേതൃ യോഗത്തിൽ തീരുമാനം.
മണ്ഡലം കൺവെൻഷനിൽ ജില്ലാ പ്രസിഡന്റ് നേരിട്ട് പങ്കെടുത്ത് പ്രവർത്തകരുമായി സംവദിക്കുകയും താഴെ തട്ടിലെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമാക്കുകയും ചെയ്യും.കൺവെൻഷൻ്റെ ജില്ലാതല ഉദ്ഘാടനം പയ്യന്നൂരിലെ കരിവെള്ളൂർ മണ്ഡലത്തിൽ ആഗസ്ത് 10 ന് നടക്കും.
മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് രജനി രമാനന്ദ് നേതൃ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
എൽ.ഡി.എഫ് സർക്കാർ സമസ്ത മേഖലയിലും പരാജയമായി മാറിയിരിക്കുകയാണെന്നും ലഹരിമാഫിയയുടെ വിളയാട്ടം കൊച്ചുകുട്ടികൾ മുതൽ സ്ത്രീകളുൾപ്പടെയുള്ളവരും ബലിയാടാവുകയാണെന്നും രൂക്ഷമായ വിലക്കയറ്റം സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ജീവിതം താളം തെറ്റിച്ചിരിക്കയാണെന്നും ആരോഗ്യ മേഖലയിലും, വിദ്യാഭ്യാസ മേഖലയിലും ഒക്കെ സർക്കാർ സംവിധാനം നോക്കുകുത്തിയാകുന്ന സ്ഥിതി, ജയിലുകളിൽ ക്രിമിനലുകൾക്കും കുറ്റവാളികൾക്കും സംരക്ഷണം നൽകുന്ന അവസ്ഥ, എല്ലാ മേഖലയിലും നികുതി വർദ്ധിപ്പിച്ച്, വൈദ്യുത ചാർജ് വർദ്ധിപ്പിച്ചും ജനങ്ങളെ പിഴിഞ്ഞ് ധൂർത്തടിക്കുന്ന മുഖ്യമന്ത്രിയും, മന്ത്രിമാരും മരുന്നു കമ്പനികൾക്കും മറ്റു സ്ഥാപനങ്ങൾക്കും കൊടുക്കാനുള്ള പണം കൊടുക്കാതെ അവർ സേവനം നിർത്തിവെക്കുമ്പോൾ, ജനങ്ങൾക്ക് ജീവൻ രക്ഷാ മരുന്നു കിട്ടാതെ, പാവപ്പെട്ട രോഗികൾപുറത്ത് നിന്നും വലിയ വിലകൊടുത്ത് മരുന്ന് വാങ്ങേണ്ട അവസ്ഥ ആശുപത്രി കെട്ടിടം തകർന്നും , സ്കൂൾ കെട്ടിടം തകർന്നും ജീവനുകൾ നഷ്ടപ്പെടുന്നു, സ്കൂളുകളിൽ ഉച്ച ഭക്ഷണത്തിനു പോലും സ്കൂൾ അധികൃതർ പണം കണ്ടെത്തേണ്ടിവരുന്നുവെന്നതും ഉൾപ്പടെ
എൽഡിഎഫ് സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള വിധിയെഴുത്തിന് ജനങ്ങളെ സജ്ജരാക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് നടപ്പിലാക്കാൻ മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് ഊർജ്ജം പകരുക എന്നതാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നതിൻ്റെ ഉദ്ദേശ്യമെന്നും നേതാക്കൾ പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ അധ്യക്ഷത വഹിച്ചു. ഇ.പി ശ്യാമള,അത്തായി പത്മിനി ,ധനലക്ഷ്മി പി.വി. കെ പി വസന്ത,ഉഷ അരവിന്ദ്, ഷർമ്മിള എ തുടങ്ങിയവർ സംസാരിച്ചു
