October 24, 2025

കനത്ത കാറ്റും മഴയും; ജില്ലയിൽ വ്യാപക നാശനഷ്ടം

img_5693-1.jpg

കണ്ണൂർ : കനത്ത കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടം. ഇരിട്ടി താലൂക്കിലെ പായം വില്ലേജിൽ ഷീബ രഞ്ജിത്തിന്റെ വീടിന് മുകളിൽ മരം വീണ് ഭാഗിക നാശനഷ്ടമുണ്ടായി. 

പടിയൂർ വില്ലേജിൽ കുന്നുമ്മൽ സുനിതയുടെ വീടിന് പുറകിൽ മണ്ണിടിഞ്ഞ് വീടിന് കേടുപാട് സംഭവിച്ചു. കരുവാരത്തോടി മാങ്കുഴി ലീലയുടെ വീടിന് മുകളിൽ മരം വീണ് ഭാഗികമായി നാശനഷ്ടം ഉണ്ടായി. കോളാരി വില്ലേജിലെ മണ്ണൂരിൽ 11 വീടുകളിൽ വെള്ളം കയറി. ഒരു കുടുംബത്തെ സമീപത്തെ ക്വാർട്ടേഴ്സിലേക്ക് മാറ്റി പാർപ്പിച്ചു. 

കൊട്ടിയൂര്‍ വില്ലേജിൽ ഒറ്റപ്ലാവ് ഇലവുംകുടിയില്‍ അന്നമ്മയുടെ വീടിനു മുകളിൽ മരം വീണു വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിലുള്ളവരെ അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചു.

ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ കാറ്റിൽ എരമം വില്ലേജിലെ ചെമ്പാടിൽ പി.വി ബാലകൃഷ്ണൻ, പി വി രാജൻ എന്നിവരുടെ വീടുകൾക്ക് ഭാഗിക നാശനഷ്ടം സംഭവിച്ചു. മാടായി വില്ലേജിലെ വെങ്ങരയിൽ കെ.കെ രമണിയുടെ വീടിന് മുകളിൽ മരം വീണ് മേൽക്കൂര ഭാഗികമായി തകർന്നു. എരമം വില്ലേജിന് സമീപമുള്ള പെൻഷൻ ഭവൻ കെട്ടിടത്തിന് മുകളിൽ ഇലക് ട്രിക് പോസ്റ്റ് വീണ് ഭാഗിക നാശനഷ്ടം സംഭവിച്ചു. കാങ്കോൽ വില്ലേജിലെ പൂതെങ്ങയിൽ വടക്കേപുരയിൽ കല്യാണിയുടെ വീടിന് മുകളിൽ മരം വീണു മേൽക്കൂര പൂർണമായി തകർന്നു. പരിക്കേറ്റ കല്യാണി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ശക്തമായ കാറ്റിൽ പെരിങ്ങോം ഗവ. കോളേജിലെ സ്റ്റാഫ് റൂമിലെ ഗ്ലാസ് ഭിത്തി തകർന്നു. പുളിങ്ങോം വില്ലേജിലെ ശശികുമാറിന്റെ വീടിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തി തകർന്ന് വീടിന് ബലക്ഷയം സംഭവിച്ചു. കുഞ്ഞിമംഗലം വില്ലേജിലെ മൂശാരി കൊവ്വലിൽ 12ാം വാർഡിൽ പടോളി മാധവിയുടെ വീടിനുമുകളിൽ തെങ്ങ് പൊട്ടി വീണ് ഭാഗിക നാശനഷ്ടം സംഭവിച്ചു. എടാട്ട് ഈസ്റ്റിൽ നാലാം വാർഡിൽ സുരേഷ് എടിച്ചേരിയുടെ ഓട് മേഞ്ഞ വീടിന് മുകളിൽ മാവ്, തെങ്ങ് എന്നിവ പൊട്ടിവീണ് മേൽക്കുര പൂർണമായി തകർന്നു. കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്ര വളപ്പിലെ ആൽമരം പൊട്ടി വീണ് ക്ഷേത്രത്തിലെ നടപന്തലിനു കേടുപാടുകൾ സംഭവിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger