ലഹരിക്കെതിരെ പടയൊരുക്കവുമായി ‘ജ്വാല’ കൂടുതൽ വേദികളിലേക്ക്

പിലാത്തറ:ലഹരിക്കെതിരെ പടയൊരുക്കവുമായി ‘ജ്വാല’ കൂടുതൽ വേദികളിലേക്ക്. പയ്യന്നൂർ കോളേജ് എൻ എസ് എസ് 11, വിവിധ തദ്ദേശ സ്ഥാപനങ്ങൾ, പോലീസ് എന്നിവരുമായി കൈകോർത്താണ് ലഹരിക്കെതിരെ മുന്നോട്ട് വന്നിട്ടുള്ളത്. കണ്ണൂർ സർവകലാശാല ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി പയ്യന്നൂർ കോളേജ് എൻ എസ് യൂണിറ്റ് 11 ഒരുക്കിയ നൃത്തശിൽപ്പം ‘ജ്വാല’യുടെ രണ്ടാം ഘട്ട അവതരണവും ജനശ്രദ്ധ നേടി മുന്നോട്ട് പോകുകയാണ്. പരിയാരം പോലീസ് സ്റ്റേഷനുമായി ചേർന്ന് പിലാത്തറയിൽവച്ച് നടത്തിയ ബോധവൽക്കരണ പരിപാടി പരിയാരം പോലീസ് ഇൻസ്‌പെക്ടർ രാജീവൻ വലിയ വളപ്പിൽ ഉദ്ഘാടനം ചെയ്തു.എസ് ഐ പ്രജീഷ് ഏഴോം ബോധവൽക്കരണ ക്ലാസ് നയിച്ചു. നൃത്ത ശില്പമായ ജ്വാലയുടെ ആദ്യ വേദിയായ പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച നഗരസഭ ചെയർപേഴ്സൺ കെ വി ലളിത ഉദ്ഘാടനം ചെയ്തിരുന്നു. ഇനിയും കൂടുതൽ കേന്ദ്രങ്ങളിൽ ‘ജ്വാല’ പ്രദർശനം തുടരും.






