പനയത്താം പറമ്പിൽ വീണ്ടും മാലിന്യ നിക്ഷേപം; ഹോട്ടൽ നടത്തിപ്പുകാരന് പിഴ

വേങ്ങാട്∙ കീഴല്ലൂർ, അഞ്ചരക്കണ്ടി പഞ്ചായത്തുകളുടെ അതിർത്തിയിലായുള്ള പനയത്താം പറമ്പിൽ വീണ്ടും മാലിന്യ നിക്ഷേപം നടക്കുന്നുവെന്ന പരാതിയിൽ തദ്ദേശവകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്മെൻ്റ് സ്ക്വാഡ് പരിശോധന നടത്തി.
കീഴല്ലൂർ പഞ്ചായത്ത് പരിധിയിലെ മൊടക്കണ്ടിയിൽ റോഡരികിൽ മാലിന്യങ്ങൾ തള്ളിയതിന് ഹോട്ടൽ നടത്തിപ്പുകാരന് 10,000 രൂപ പിഴ ചുമത്തി. പാൽ, ചായപ്പൊടി, ആറ്റ, പാചകഎണ്ണ കവറുകൾ ഉൾപ്പെടെ ഭക്ഷണ അവശിഷ്ടങ്ങളോടൊപ്പം ആറോളം ചാക്കുകളാണ് കണ്ടെത്തിയത്.
പരിശോധനയിലുണ്ടായ സൂചനകളിൽ നിന്നാണ് മാലിന്യം കീഴല്ലൂരിലെ ഈറ്റില്ലം ഹോട്ടലിൽ നിന്ന് എത്തിയതെന്ന് തിരിച്ചറിഞ്ഞത്. ഹോട്ടലിന്റെ മുൻ നടത്തിപ്പുകാരനായ നാരായണന് പിഴ ചുമത്തി, തുടർ നടപടി സ്വീകരിക്കാൻ പഞ്ചായത്തിന് നിർദ്ദേശം നൽകി.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് തരംതിരിച്ച് നൽകേണ്ടതും മറ്റു അവശിഷ്ടങ്ങൾ അനധികൃത ഏജൻസികളിലൂടെ കൈമാറ്റം ചെയ്യുന്നത് നിരോധിക്കപ്പെടുമെന്നും ജില്ലാ സ്ക്വാഡ് മുന്നറിയിപ്പ് നൽകി.
പരിശോധനയിൽ കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി, എൻഫോഴ്‌സ്മെൻ്റ് ഉദ്യോഗസ്ഥർ സജിത കെ., അജയകുമാർ കെ.ആർ, ഹെൽത്ത് ഇൻസ്പെക്ടർ ദിജിൽ എ. എൻ. എന്നിവർ പങ്കെടുത്തു.