വയോധികയുടെ മാല കവർന്ന മോഷ്ടാവുമായി പോലീസ് തൊണ്ടി മുതൽ കണ്ടെത്തി

പയ്യന്നൂര്‍: പട്ടാപ്പകൽ സ്കൂട്ടറിലെത്തി വീടിന് സമീപം നിൽക്കുകയായിരുന്ന
വയോധികയുടെ കഴുത്തിലണിഞ്ഞ സ്വർണ്ണമാല പൊട്ടിച്ച കേസിൽ റിമാൻ്റിൽ കഴിയുന്ന പ്രതിയെ പോലീസ് കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി തൊണ്ടിമുതൽ കണ്ടെത്തി.
കുപ്രസിദ്ധ മോഷ്ടാവ്
കാസര്‍ഗോഡ് ചെന്നെടുക്കം ബദിയടുക്ക പോലീസ് സ്റ്റേഷന് സമീപം വാടക ക്വാട്ടേർസിൽ താമസിക്കുന്ന നിരവധി മാല പൊട്ടിക്കൽ കേസിലെ പ്രതി ചാലക്കര ഹൗസില്‍ ഇബ്രാഹിം ഖലീലിനെ(43)യാണ് പയ്യന്നൂർ എസ്.ഐ.പി.യദുകൃഷ്ണൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ. ദീപക്, സീനിയർ സിവിൽ ഓഫീസർമാരായ നൗഫൽഅഞ്ചില്ലത്ത്, പി .എസ്. ഷംസുദ്ദീൻ എന്നിവരടങ്ങിയ സംഘം കാസറഗോട്ടെ സ്ഥാപനത്തിൽ നിന്നും തൊണ്ടിമുതൽ കണ്ടെത്തിയത്. വയോധികയുടെ മോഷ്ടിച്ച മാലയുമായി കടന്നു കളഞ്ഞ പ്രതി കാസറഗോഡ് ടൗണിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയപ്പെടുത്തി 57,000 രൂപയോളം കൈപ്പറ്റിയിരുന്നു. ഇക്കഴിഞ്ഞ ജൂൺ മാസം ആറാം തീയതി രാവിലെ 11.30 മണിയോടെയാണ് പയ്യന്നൂർ കോളോത്ത് താമസിക്കുന്ന പരേതനായ പുരുഷോത്തമന്റെ ഭാര്യ എം. കാര്‍ത്ത്യായനി(70)യുടെ കഴുത്തിലണിഞ്ഞ ഒരു പവനിലധികം തൂക്കം വരുന്ന
മാല പ്രതി പൊട്ടിച്ചെടുത്ത് സ്‌കൂട്ടറില്‍ കടന്നുകളഞ്ഞത്.
പരാതിയില്‍ കേസെടുത്ത പയ്യന്നൂർ പോലീസ് അന്വേഷണത്തിനിടെ മോഷ്ടാവ് മോഷണത്തിനെത്തിയ സ്കൂട്ടർ ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപം കണ്ടെത്തിയിരുന്നു. ഈ സ്കൂട്ടർ കണ്ണൂർ യൂണിവേഴ്സ് സിറ്റിയിലെ ജീവനക്കാരൻ്റെതായിരുന്നു ഇത് മോഷ്ടിച്ചാണ് കവർച്ച നടത്തിയത്.
നിരവധി നിരീക്ഷണ കാമറ ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള ഫോണ്‍കോളുകളും അന്വേഷണത്തിനിടെ പോലീസ് പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് പന്ത്രണ്ടാം ദിവസം പോലീസ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച വാഹനത്തിലെത്തിയാണ് ഇയാൾ പതിവായി മോഷണം നടത്തുന്നത്.പയ്യന്നൂരിലെ മോഷണത്തിന് തലേ ദിവസം പ്രതി തലശേരിയിലും സമാനമായ രീതിയിൽ മാല പൊട്ടിക്കാൻ ശ്രമിച്ചുവെങ്കിലും യുവതിയുടെ ചെറുത്തുനിൽപ്പിൽ പരാജയപ്പെട്ട മോഷ്ടാവ് രക്ഷപ്പെട്ടു.നേരത്തെ കാസറഗോഡ് ജില്ലയിലെ
വിദ്യാനഗര്‍, മേല്‍പ്പറമ്പ, ഹൊസ്ദുര്‍ഗ് എന്നീ സ്റ്റേഷനുകളിലായി ഒമ്പതോളം മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതിയാണ് ഇബ്രാഹിം ഖലീൽ എന്ന് പോലീസ് പറഞ്ഞു. പയ്യന്നൂരിലേത് പത്താമത്തെ കേസാണ്. കേസന്വേഷണം നടത്തുന്ന എസ്.ഐ.പി. യദുകൃഷ്ണൻ പയ്യന്നൂർ കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിൽ രണ്ടു ദിവസത്തേക്ക് കോടതി പ്രതിയെപോലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. തെളിവെടുപ്പ് നടത്തി തൊണ്ടിമുതൽ കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ പ്രതിയെ കോടതിയിൽ ഹാജരാക്കും.