മർദ്ദനമേറ്റ യുവാവിൻ്റെ മരണം അന്വേഷണം അന്തിമഘട്ടത്തിൽ സംശയത്തിൻ്റെ നിഴലുള്ളവരെ സ്റ്റേഷനിലെത്തിച്ച് പോലീസ് ചോദ്യം ചെയ്യുന്നു

പയ്യന്നൂര്‍: മർദ്ദനമേറ്റ് യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് പിന്നാലെ മരണം കൊലപാതകമെന്ന് തിരിച്ചറിഞ്ഞ പയ്യന്നൂർപോലീസ് സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയെ കഴിഞ്ഞ ദിവസം നിലേശ്വരത്ത് വെച്ച് ചോദ്യം ചെയ്തു.നിലേശ്വരം ചിറപ്പുറത്ത് വെച്ച് യുവാവ് മർദ്ദനത്തിനിരയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ പോലീസ് യുവതിയുടെ മകൻ ഉൾപ്പെടെയുള്ളവരെയും കരിവെള്ളൂർ പെരളത്ത് വെച്ച് യുവാവിനെ മർദ്ദിച്ചുവെന്ന് പോലീസിന് വിവരം ലഭിച്ചിരുന്ന നിർമ്മാണ തൊഴിലാളിയെയും പയ്യന്നൂർ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിനു കാരണക്കാരായവരെ ഇന്ന് വൈകുന്നേരത്തോടെ കണ്ടെത്താനാകുമെന്നാണ് പയ്യന്നൂർ ഡിവൈ.എസ് പി. കെ. വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നൽകുന്ന സൂചന.
വെള്ളൂര്‍ ചാമക്കാവിന് സമീപത്തെ ടൈല്‍സ് തൊഴിലാളി കരിവെള്ളൂർ പെരളത്ത് താമസിക്കുന്ന പി.പി.അജയന്‍ എന്ന അജിയാണ്(45) മരണപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ചോദ്യം ചെയ്ത ശേഷം ഉപാധികളോടെ വിട്ടയച്ചിരുന്നു .പോസ്റ്റ്മോർട്ടം ചെയ്ത പരിയാരം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ്റെ റിപ്പോർട്ടിൽ യുവാവിന് ആന്തരിക രക്തസ്രാവമുണ്ടായതായും ജനനേന്ദ്രിയത്തിന് കാര്യമായ ക്ഷതമേറ്റിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതായിരുന്നു മരണകാരണം. മരണം കൊലപാതകമാണെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.