October 24, 2025

അമ്പലത്തറയിൽ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണം.

a35a4375-080a-40b1-b34d-2c6cbc36b346-1.jpg

പയ്യന്നൂർ :അമ്പലത്തറ
നാഷണൽ ഹൈവേ നിർമ്മാണത്തെത്തുടർന്ന് നീരൊഴുക്ക് തടസ്സപ്പെട്ട കൊളാഞ്ചി ത്തോട് പുനസ്ഥാപിച്ചു കൊണ്ട് അമ്പലത്തറ പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നും അതുവരെ ഈ പ്രദേശത്തെ റോഡ് നിർമ്മാണ പ്രവർത്തികൾ നിർത്തി വെക്കണമെന്നും അമ്പലത്തറയിൽ ആക്ഷൻ കമ്മിറ്റിയുടെനേതൃത്വത്തിൽ നടന്ന ജനകീയ കൺവെൻഷൻ അധികാരികളോട് ആവശ്യപ്പെട്ടു.
മഴക്കാലം ആരംഭിച്ച് അല്പ ദിവസങ്ങൾക്കുള്ളിൽ അമ്പലത്തറ പ്രദേശത്ത് അഭൂതപൂർവമായ വെള്ളപ്പൊക്കം ഉണ്ടായി . അമ്പതിലധികം വീടുകളിൽ വെള്ളം കയറി. കിണറുകൾ മലിനമാവുകയും ടോയ്ലറ്റുകൾ ഉപയോഗിക്കാൻ സാധിക്കാതെ വരികയും അഴുക്കും മാലിന്യങ്ങളും പ്രദേശമാകെ നിറയുകയും ചുറ്റിലും ദുർഗന്ധമലീമസമാവുകയും ചെയ്തു. മിക്കവീട്ടുകാർക്കും മാറിത്താമസിക്കേണ്ടുന്ന അവസ്ഥ വന്നതായി കൺവെൻഷനിൽ പങ്കെടുത്ത നാട്ടുകാർ പറഞ്ഞു. റോഡുകളും ഇടവഴികളും വെള്ളത്തിനടിയിലായതോടെ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതി വന്നു. കോറോം ഭാഗത്തേക്കുള്ള അണ്ടർപാസും വെള്ളത്തിനടിയിലായിരുന്നു. ഇനി മഴ കനക്കുന്നതോടെ മാസങ്ങളോളം വെള്ളക്കെട്ടിന്റെ പ്രശ്നം രൂക്ഷമായിരിക്കുമെന്നും കൊളാഞ്ചിത്തോട് പഴയ വലുപ്പത്തിൽ പുന:സ്ഥാപിച്ചു കൊണ്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നതുവരെ അടിയന്തിര ദുരിതനിവാരണ പ്രവർത്തനങ്ങളൊഴിച്ച്ഈ ഭാഗത്തെ എല്ലാ ഹൈവേ നിർമ്മാണ പ്രവർത്തനങ്ങളും താല്ക്കാലികമായി നിർത്തി വെക്കണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഒരു തലമുറയുടെ കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുത്ത മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ വികസനത്തിന്റെ പേരിൽ നഷ്ടപ്പെടുത്തുന്നത് തിരിച്ചു പിടിക്കാൻ പ്രത്യക്ഷസമരമല്ലാതെ മറ്റുമാർഗങ്ങളില്ലെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സീക്ക് ഡയരക്ടർ ടിപി പദ്മനാഭൻ മാസ്റ്റർ പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 12/7/ 25 ന് ജനകീയ പ്രതിഷേധ ധർണ നടത്തുന്നതിനു് തീരുമാനിച്ചു. യോഗത്തിൽ സെയ്ഫുദ്ദീൻ അമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു. നോബിൾ പൈകട , കെ ഇ കരുണാകരൻ, ഷറഫുദ്ദീൻ കെ.ടി,പി , പിപി രാജൻ, മുരളീധരൻ കരിവെളളൂർ ദിവാകരൻ സി, നിശാന്ത് പരിയാരം തുടങ്ങിയവർ പ്രസംഗിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger