വ്യാജരേഖ ചമച്ച് 12 ലക്ഷം തട്ടിയെടുത്ത്വഞ്ചിച്ച മൂന്ന് പേർക്കെതിരെ കേസ്

എടക്കാട്: വസ്തുവിൻ്റെ രേഖകൾ ഉടമ അറിയാതെ ബേങ്കിൽ പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന വീട്ടമ്മയുടെ പരാതിയിൽ കോടതി നിർദേശ പ്രകാരം ബേങ്ക് ജീവനക്കാർ ഉൾപ്പെടെ മൂന്നു പേർക്കെതിരെ എടക്കാട് പോലീസ് കേസെടുത്തു. എടക്കാട് കോശോറാത്ത് സ്വദേശിനിയും മുംബെയിൽ സ്ഥിരതാമസക്കാരിയുമായ എ.കെ.ഷജിനിയുടെ പരാതിയിലാണ് എടക്കാട് മാളികപ്പറമ്പ അംഗനവാടിക്ക് സമീപത്തെ എൻ.കെ.സുഗന്ധൻ, കാടാച്ചിറ സർവീസ് സഹകരണ ബേങ്ക് മാനേജർ ആറാട്ടുതറ റോഡിലെ ടി പി. പ്രവീൺ, കാടാച്ചിറ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി എന്നിവർക്കെതിരെ കേസെടുത്തത്. പരാതിക്കാരിയുടെ ഉടമസ്ഥതയിൽ അഞ്ചരക്കണ്ടിയിലുള്ള 338/2012 എസ്.ആർ.ഒ.ആധാരം ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒന്നാം പ്രതി പരാതിക്കാരിയിൽ നിന്നും രേഖ കൈവശപ്പെടുത്തിയ ശേഷം വ്യാജ രേഖ ചമച്ച് പ്രസ്തുത ആധാരം രണ്ടാം പ്രതി മാനേജരായും മൂന്നാം പ്രതി സെക്രട്ടറിയായും ചുമതല വഹിച്ചിരുന്ന കാടാച്ചിറ സർവ്വീസ് സഹകരണ ബേങ്കിൽ ഒന്നാം പ്രതി 2019 ഒക്ടോബർ 4ന് പരാതിക്കാരിയുടെ പേരിൽ പണയപ്പെടുത്തി 12 ലക്ഷം രൂപ വായ്പയെടുത്ത് വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.