പട്ടാപ്പകൽ കവർച്ച നടത്തിയ മോഷ്ടാവുമായി പോലീസ് കാഞ്ഞങ്ങാട്ടെത്തി തെളിവെടുപ്പ് നടത്തി

പയ്യന്നൂർ. അന്നൂരിൽപട്ടാപ്പകൽ വീട്ടിൽ കയറി വീട്ടമ്മയുടെ കഴുത്തിന്കത്തിവെച്ച്
സ്വർണ്ണമാലയും കമ്മലും കവർന്ന പ്രതിയുമായി പോലീസ് ആഭരണങ്ങൾ വില്പന നടത്തിയ കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലെത്തി
തെളിവെടുപ്പ് നടത്തി. അന്നൂരിൽ നിന്നും മോഷ്ടിച്ച സ്വർണ്ണാഭരണങ്ങളുമായി മോഷ്ടാവ് സഞ്ചരിച്ച വഴിയിൽമിഴിതുറന്ന നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ തക്കസമയത്ത് പോലീസിന് ലഭിച്ചതാണ് മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ കുടുക്കിയത്.
മരംമുറി തൊഴിലാളി കരിവെള്ളൂർ കൂക്കാനത്തെ മാങ്കുഴിയിൽ ഹൗസിൽ രാജേന്ദ്രനെ(55) യാണ് പയ്യന്നൂർ എസ്.ഐ.പി. യദുകൃഷ്ണൻ്റെ നേതൃത്വത്തിൽ പ്രൊബേഷനറി എസ്.ഐ. മാരായ മഹേഷ്, നിതിൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ നൗഫൽഅഞ്ചില്ലത്ത്, പ്രമോദ് കടമ്പേരി , ഏ. ജി. അബ്ദുൾ ജബ്ബാർ, ബിജു ജോസഫ്, സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ. മനോജൻ മമ്പലം, ഡ്രൈവർ രാജേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. പ്രതി കവർച്ചക്കെത്തിയ സുഹൃത്തിൻ്റെ സ്കൂട്ടിയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വ്യാഴാഴ്ച രാവിലെ 10.30 മണിയോടെഅന്നൂർ കൊരവയലിലായിരുന്നു കവർച്ച.കൃത്യത്തിനു ശേഷം ആഭരണങ്ങളുമായി സ്കൂട്ടിയിൽ കടന്നുകളഞ്ഞ പ്രതി കാഞ്ഞങ്ങാട്ടെ പ്രമുഖ ജ്വല്ലറിയിൽ നിന്നും സ്വർണ്ണാഭരണങ്ങൾ മാറ്റി വേറെ ആഭരണങ്ങൾ വാങ്ങിയ ശേഷം കോട്ടച്ചേരിയിലെ മറ്റൊരു ജ്വല്ലറിയിൽ വില്പന നടത്തി 1,38,000 രൂപ കൈക്കലാക്കി. പിന്നീട് വീണ്ടും സ്‌കൂട്ടിയിൽ പയ്യന്നൂരിലെത്തി പുതിയ ബസ് സ്റ്റാൻ്റിന് സമീപത്തെ വസ്ത്രാലയത്തിൽ നിന്നും പുതിയ ഷർട്ട് വാങ്ങി ബാക്കിപണം ഷർട്ടിൽ പൊതിഞ്ഞ്ക്കെട്ടി രക്ഷപ്പെടാൻ ശ്രമിക്കവേയാണ് ക്രൈം സ്ക്വാഡിൻ്റെ പിടിയിലായത്.നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും കവർച്ചക്കിടയിലെ പ്രതിയുടെ ശബ്ദവുമാണ് അന്വേഷണത്തിൽ വഴിതിരിവായത്. മൂന്ന് മാസം മുമ്പ് കവർച്ച നടന്ന വീട്ടിൽ ഇയാൾമരം മുറിക്കാനെത്തിയിരുന്നു. അന്ന് വീട്ടമ്മ ഇയാളുമായി സംസാരിച്ചിരുന്നു. പരിചയമുള്ള ശബ്ദം തിരിച്ചറിഞ്ഞത് അന്വേഷണ സംഘത്തോട് വീട്ടമ്മ വെളിപ്പെടുത്തിയിരുന്നു. കൃത്യമായ പ്ലാനിങ്ങിൽ തലേ ദിവസം രാത്രി കൂടെ ജോലി ചെയ്യുന്ന കരിവെള്ളൂർ സ്വദേശിയുടെ സ്കൂട്ടർ ഇയാൾ വാങ്ങിച്ചിരുന്നു. ഈ വാഹനവുമായാണ് കവർച്ച നടന്ന വീട്ടിലേക്കുള്ള മെയിൻ റോഡിൽ നിർത്തിയിട്ട് കവർച്ച നടത്തി രക്ഷപ്പെട്ടത്. ധരിച്ചിരുന്ന മുണ്ടും ഷർട്ടും നിരീക്ഷണ ക്യാമറയിൽ പതിഞ്ഞതറിയാതെ സ്കൂട്ടിയുമായി കാഞ്ഞങ്ങാട് പോയി അതേ വസ്ത്രത്തോടെയാണ് മോഷ്ടാവ് പയ്യന്നൂരിലെത്തിയത്.പ്രതിയുടെ സവാരി റോഡിലുടനീളമുള്ള നിരീക്ഷണ ക്യാമറകൾ ഒപ്പിയെടുത്തിരുന്നു.പയ്യന്നൂരിൽ നിന്നും പുതിയ ഷർട്ട് വാങ്ങിച്ചെങ്കിലും മോഷ്ടാവിന് അത് ധരിക്കാൻ സമയം കിട്ടും മുമ്പേ പോലീസ് പിടിയിലാകുകയായിരുന്നു.
കണ്ടോത്ത് വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്ന കുണ്ടത്തിൽ രവീന്ദ്രൻ്റെ ഭാര്യ സാവിത്രി (66)യുടെ രണ്ടര പവനോളം തൂക്കം വരുന്ന മാലയും കമ്മലുമാണ് പ്രതി കവർന്നത്. ഇന്നലെ രാവിലെ 10.30 മണിയോടെയായിരുന്നു സംഭവം.
രാവിലെ 8.30 മണിയോടെ രവീന്ദ്രൻ വർക്ക്ഷോപ്പിലേക്ക് ജോലിക്ക് പോയിരുന്നു. സാവിത്രി തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്. അടുക്കളയിലെ ജോലിക്കിടെ 10.30 മണിയോടെ വീടിൻ്റെകോളിംഗ് ബെല്ല് അടിക്കുന്നത് കേട്ട് വാതിൽ തുറന്നപ്പോൾ നീലമഴക്കോട്ടിട്ട ബനിയനും മുണ്ടും ധരിച്ച കവർച്ചക്കാരൻ വീടിനകത്ത് ഇടിച്ച് കയറി വാതിൽ കുറ്റിയിട്ട് വീട്ടമ്മയുടെ
കഴുത്തിന് കത്തി വെച്ച് വായിൽ കൈകുത്തി തിരുകിയാണ് കവർച്ച നടത്തിയത്.
പ്രതി കൊണ്ടുവന്ന കത്തി വീട്ടിൽ ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തിയിരുന്നു. മുമ്പ് മാഹി മദ്യം കടത്തിയതിന് ഇയാൾക്കെതിരെ പയ്യന്നൂർ സ്റ്റേഷനിൽ കേസുണ്ട് . അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.