LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

മാലിന്യമില്ല ദുര്‍ഗന്ധമില്ല: ഇത് നീരൊഴുക്കുംചാലിന്റെ വീണ്ടെടുപ്പ്

img_2840-1.jpg
Spread the love

ചിറക്കല്‍ പഞ്ചായത്തിലെ നീരൊഴുക്കുംചാല്‍ എന്ന ചെറുപ്രദേശത്തോടൊപ്പം ചേര്‍ത്തുവച്ചൊരു ചിത്രമുണ്ടായിരുന്നു. ടണ്‍ കണക്കിന് മാലിന്യം കുമിഞ്ഞുകൂടി ഈച്ചയാര്‍ത്ത് ദുര്‍ഗന്ധം വമിച്ചിരുന്ന തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായിരുന്ന ഇടം. എന്നാല്‍ ഇന്ന് അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം ഇച്ഛാശക്തിയുള്ള ഭരണസംവിധാനം നിശ്ചയദാര്‍ഢ്യത്തോടെ ഇറങ്ങിയപ്പോള്‍ ചിത്രം പഴങ്കഥയായി. നീരൊഴുക്കുംചാലിലെ വായു ശുദ്ധമായി. അന്തരീക്ഷം തെളിഞ്ഞു. സംസ്ഥാനത്തുടനീളം നടക്കുന്ന മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ തെളിമയോടെ ചേര്‍ത്തുവെക്കാം നീരൊഴുക്കുംചാലിന്റെ മാലിന്യ മോചന കഥ.

ഒരു നാടിന്റെയാകെ സാമൂഹിക പ്രശ്‌നമായിരുന്നു നീരൊഴുക്കുംചാലിലെ മാലിന്യക്കൂമ്പാരം. 48 വര്‍ഷമായി ചിറക്കല്‍ പഞ്ചായത്തിന്റെ മാലിന്യനിക്ഷേപ കേന്ദ്രമായിരുന്നു ഇവിടം. അഞ്ചു വര്‍ഷം മുന്‍പ് അധികാരത്തിലെത്തിയപഞ്ചായത്ത് ഭരണസമിതി പ്രസിഡന്റ് പി.ശ്രുതിയുടെ നേതൃത്വത്തില്‍ എടുത്ത ആദ്യതീരുമാനം നീരൊഴുക്കുംചാലിലെ മാലിന്യമല ഇല്ലാതാക്കുക എന്നതായിരുന്നു. ഇച്ഛാശക്തിയുള്ള കുറേ മനുഷ്യരുടെ പ്രയത്‌നം ഒത്തുചേര്‍ന്നപ്പോള്‍  ദുരിതചിത്രം മെല്ലെ മായാന്‍ തുടങ്ങി. അരനൂറ്റാണ്ടുകാലമായി നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങള്‍ പൂര്‍ണമായി നീക്കി. തുടക്കത്തില്‍ മാലിന്യ നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പ്രതിസന്ധികള്‍ നേരിട്ടു. ഒരു ഭാഗത്ത് നീക്കം ചെയ്യുമ്പോള്‍ മറുഭാഗത്ത് ആളുകള്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചത് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. പുതിയതെരു അടക്കമുള്ള ടൗണുകളിലെയും മാര്‍ക്കറ്റിലെയും ജൈവ, അജൈവ മാലിന്യങ്ങളാണ് നീരൊഴുക്കുംചാലില്‍ തള്ളിയിരുന്നത്. തുടര്‍ന്ന് പ്രസിഡന്റ് പി. ശ്രുതി, വൈസ് പ്രസിഡന്റ് പി. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെയും വ്യാപാരികളടക്കം മുഴുവന്‍ ജനങ്ങളെയും വിളിച്ചു ചേര്‍ത്ത് വലിയൊരു ക്യാമ്പയിന്‍ നടത്തി. സിസിടിവി ക്യാമറ സ്ഥാപിച്ചു കുറ്റക്കാര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിച്ചു. ഇത് ഫലം കണ്ടു. പുതിയതായി മാലിന്യങ്ങള്‍ ഇവിടെ നിക്ഷേപിക്കാതായി. കഴിഞ്ഞ നാലു വര്‍ഷം പ്രതിബദ്ധതയോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയവഴി തെളിച്ചു. ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും പിന്തുണയും സഹായ സഹകരണങ്ങളും പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചു.

ഒരേക്കര്‍ 40 സെന്റ് സ്ഥലമാണ് മാലിന്യമൊഴിഞ്ഞ് പഞ്ചായത്തിന് ലഭിച്ചത്. ഇവിടെ വിശാലമായ പാര്‍ക്കിംഗ് സൗകര്യത്തോടെ ആധുനിക രീതിയിലുള്ള ഒരു ഓഡിറ്റോറിയാണ് ഭരണസമിതി വിഭാവനം ചെയ്യുന്നത്. കൂടാതെ ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിനായി ഒരു പ്ലാന്റും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മാലിന്യമുക്തവും ശുചിത്വ സുന്ദരവുമായ ആധുനിക നവ സമൂഹം സൃഷ്ടിക്കാനുള്ള പ്രയാണത്തില്‍ നീരൊഴുക്കുംചാല്‍ അനിതര സാധാരണമായൊരു മാതൃക തീര്‍ക്കുകയാണ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!