സഹകരണ സംഘത്തിൽ നിന്നും കോടികൾ തട്ടിയെടുത്ത സെക്രട്ടറിക്കും ജീവനക്കാരിക്കുമെതിരെ കേസ്

ചക്കരക്കൽ: സഹകരണ സംഘത്തിലെ നിക്ഷേപതുകയിൽ നിന്നും സാമ്പത്തിക തിരിമറി നടത്തി കോടികൾ തട്ടിയെടുത്ത സെക്രട്ടറിക്കും അറ്റൻഡർക്കുമെതിരെ ഓഡിറ്റ് ജോയിൻ്റ് ഡയറക്ടറുടെ പരാതിയിൽ ചക്കരക്കൽ പോലീസ് കേസെടുത്തു. ചക്കരക്കല്ലിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഡിസ്ട്രിക്ട് ബിൽഡിംഗ് മെറ്റീരിയൽസ് സഹകരണ സൊസൈറ്റി സെക്രട്ടറി ഇരിവേരി കക്കോത്ത് സ്വദേശി ഇ.കെ.ഷാജി, അറ്റൻഡർ പാതിരിയാട് പടുവിലായിയിലെ കെ.കെ.ഷൈലജ എന്നിവർക്കെതിരെയാണ് ജില്ല കോ ഓപ്പറേറ്റീവ് ഓഡിറ്റ് വിഭാഗം ജോയിൻ്റ് ഡയരക്ടർ പി.വി.വത്സരാജിൻ്റെ പരാതിയിൽ ചക്കരക്കൽ പോലീസ് കേസെടുത്തത്. പരാതിക്കാരൻ്റെ കീഴിലുള്ള ഓഡിറ്റിങ്ങ് സ്റ്റാഫ് നടത്തിയ2023-24 സാമ്പത്തിക വർഷത്തിലെ ഓഡിറ്റിങ്ങിൽ സൊസൈറ്റി മെമ്പർമാരിൽ നിന്നും സ്വീകരിച്ച നിക്ഷേപതുകയിൽ നിന്നും സെക്രട്ടറിയുടെ ചുമതല വഹിച്ച ഒന്നാം പ്രതി 78398121 രൂപയും രണ്ടാം പ്രതിയായ അറ്റൻഡർ 2100530 രൂപയും കൈവശപ്പെടുത്തി നിക്ഷേപകർക്ക് പണം തിരിച്ചുനൽകാതെ നിക്ഷേപകരോട് വിശ്വാസ വഞ്ചന ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.