പയ്യന്നൂരിൽവ്യാപാര സ്ഥാപനത്തിന് മുന്നിലെ പാര്‍ക്കിംഗ്ഒഴിവാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

പയ്യന്നൂര്‍: പയ്യന്നൂരിലെ വ്യാപാര സ്ഥാപനത്തിന് മുന്നിലെ അനധികൃത ഓട്ടോ പാര്‍ക്കിംഗ് ഒഴിവാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റിന് സമീപത്തെ ലോക്ക് ഇന്‍ എന്ന സ്ഥാപനം നടത്തുന്ന പുഞ്ചക്കാട് സ്വദേശി മഹ്‌റൂഫ് നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് ബിജു എബ്രഹാമിന്റെ വിധി.
പയ്യന്നൂരിലെ തന്റെ സ്ഥാപനത്തില്‍ ആളുകള്‍ക്കെത്തുന്നതിന് തടസ്സമാകുന്ന വിധത്തിലാണ് ഓട്ടോകള്‍ പാര്‍ക്കു ചെയ്യുന്നതെന്നും ഇതിനെതിരെ പരാതിപ്പെട്ടിട്ടും ഉത്തരവാദിത്തപ്പെട്ടവര്‍ ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും പരാതിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ കളക്ടര്‍, ആര്‍ടിഒ , പയ്യന്നൂര്‍ നഗരസഭ സെക്രട്ടറി, പയ്യന്നൂര്‍ എസ്എച്ച്ഒ എന്നിവരെ എതിര്‍ കക്ഷികളാക്കിയായിരുന്നു പരാതി. ഇതിനിടയില്‍ ജില്ലാ കളക്ടറും നഗരസഭയും ഇടപെട്ടിട്ടും പ്രശ്‌നപരിഹാരമാകാത്ത അവസ്ഥയുമുണ്ടായി. വ്യാപാര സ്ഥാപനത്തിന് മുന്നിലെ അനധികൃത ഓട്ടോ പാര്‍ക്കിംങ്ങ് ഒഴിവാക്കണമെന്നും ഓട്ടോ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേകമായ സ്ഥലം നഗരസഭ കണ്ടെത്തി അനുവദിക്കണമെന്നും കോടതിയുടെ വിധിയില്‍ പറയുന്നു. പരാതിക്കാരനു വേണ്ടി അഡ്വ. ബൈജു നോയല്‍ ഹാജരായി.