ഉളിക്കൽ ടൗണിൽ ഇരുനിലക്കെട്ടിടം തകർന്നുവീണു

ഉളിക്കൽ : ഉളിക്കൽ ജങ്ഷനിൽ മാട്ടററോഡിലെ ഓടിട്ട ഇരുനിലക്കെട്ടിടത്തിന്റെ മുകൾഭാഗം തകർന്നുവീണു. ഇതുവഴി കടന്നുപോകുന്ന മലയോര ഹൈവേയിലേക്കാണ് ഞായറാഴ്ച ഉച്ചയോടെ ഓടും കല്ലും പതിച്ചത്. ഉളിക്കലിലെ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള 75 വർഷത്തിലധികം പഴക്കമുള്ള കെട്ടിടമാണിത്.
കെട്ടിടം പൊളിച്ചുമാറ്റുന്നതിന് പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു. കെട്ടിടം പൊളിക്കാൻ വൈകിയതാണ് അപകടത്തിന് ഇടയാക്കിയത്. ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന പലചരക്കുകട കഴിഞ്ഞ ആഴ്ചയാണ് തൊട്ടുമുന്നിലുള്ള കെട്ടിടത്തിലേക്ക് മാറിയത്. കെട്ടിടം തകർന്നപ്പോൾ ഇതിന് തൊട്ടടുത്ത വ്യാപാരസ്ഥാപനങ്ങൾക്കും കേടുപാട് സംഭവിച്ചിരുന്നു. ഉളിക്കൽ ടൗണിൽനിന്നും മലയോരഹൈവേ വഴിയുള്ള വാഹനങ്ങളും മണിക്കടവ്, മാട്ടറ, കോളിത്തട്ട് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളും കടന്നുപോകുന്ന റോഡിലേക്കാണ് കെട്ടിടം തകർന്നുവീണത്. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, ഉളിക്കൽ എസ്ഐ ഇ.കെ. സുനിൽ എന്നിവർ സ്ഥലത്തെത്തി. ഇരിട്ടിയിൽനിന്ന് അഗ്നിരക്ഷാസേനയും എത്തിയിരുന്നു.