പരിഹാരം അകലെ; വെള്ളക്കെട്ടിനാൽ ദുരിതം പേറി വെങ്ങര ചൂരിക്കാട് പ്രദേശവാസികൾ

പഴയങ്ങാടി: മാടായി ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് ആയ ചൂരിക്കാട് പ്രദേശത്തും ബാങ്കിന് സമീപത്തുമുള്ള ജനങ്ങൾ വെള്ളക്കെട്ട് മൂലമുള്ള ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ നീളുന്നു. ബാങ്കിന് സമീപമുള്ള നിരവധി വീടുകളിലും വീട്ടുപറമ്പുകളിലും മലിനജലം ഒഴുകിയെത്തി കിണർ വെള്ളം പോലും മലിനമായിരിക്കുകയാണ് ഇപ്പോൾ. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ നാലാം വാർഡ് മെമ്പറോട് ഗ്രാമസഭ വഴിയും നേരിട്ടും കാലങ്ങളായി പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി.
കഴിഞ്ഞ വർഷം ഇതുമായി ബന്ധപ്പെട്ട് ഒരു ചാനലിനോട് മെമ്പർ പറഞ്ഞത് വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരം ഉടൻ ഉണ്ടാകുമെന്നായിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും മഴക്കാല ശുചീകരണ പ്രവർത്തനം പോലും നടത്താത്തതിനാൽ ഓവുചാലുകൾ അടഞ്ഞു റോഡ് തോടായ അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു. ചൂരിക്കാട് പ്രദേശത്തുള്ളവർക്ക് എളുപ്പത്തിൽ എത്താവുന്ന വഴിയാണ് ബാങ്ക് റോഡ്. ഇവിടം മുഴുവൻ വെള്ളക്കെട്ട് നിറഞ്ഞതിനാൽ കാൽനട യാത്രയോ വാഹന യാത്രയോ സാധ്യമല്ലെന്നു മാത്രമല്ല, സ്കൂൾ കുട്ടികൾ പോലും ഇതു വഴിയുള്ള യാത്രയിൽ പ്രയാസം നേരിടുകയാണ്.