ബസുകൾക്ക് കടന്നുപോകാൻ പാകത്തിൽ പുതിയത് നിർമ്മിക്കും: ധർമ്മശാല -ചെറുകുന്ന് പാതയിലെ അണ്ടർ പാസേജ് പൊളിക്കുന്നു

ധർമ്മശാല: ബസുകൾ കടന്നുപോകാൻ സാധിക്കുന്ന വിധം വലുപ്പമുള്ള അണ്ടർ പാസേജ് നിർമ്മിക്കാൻ തീരുമാ നമായതിനെ തുടർന്ന് ധർമ്മശാല -അഞ്ചാംപീടിക -ചെറുകുന്ന് തറ ഭാഗത്തേക്കായി നിർമ്മിച്ച ദേശീയപാതയിലെ അണ്ടർ പാസേജ് പൊളിച്ചുനീക്കാൻ തുടങ്ങി. നാട്ടുകാരുടെയും ബസ് ഉടമകളുടെയും ജീവനക്കാരുടെയും കടുത്ത പ്രതിഷേധം പരിഗണിച്ചുകൊണ്ടാണ് പുതിയ തീരുമാനം ഉണ്ടായത്. ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾക്ക് യഥേഷ്ടം കടന്നുപോകാവുന്ന തരത്തിൽ 10 മീറ്റർ വീതിയിലും നാലുമീറ്റർ ഉയരത്തിലും അണ്ടർ പാസേജ് വീണ്ടും പൊളിച്ചുപണിയാൻ 2.19 കോടി രൂപയാണ് അനുവദിച്ചത്. ഏതാണ്ട് രണ്ടുവർഷക്കാലമായി നിലനിന്ന പ്രതിഷേധത്തിനാണ് ഇപ്പോൾ തീരുമാനമായത്.
കല്യാശ്ശേരി ഗ്രാമ ബോക്ക് പഞ്ചായത്ത്, തളിപ്പറമ്പ് എം.എൽ.എ എം.വി.ഗോവിന്ദൻ, കണ്ണൂർ എം.പി. കെ.സുധാകരൻ തുടങ്ങി പ്രദേശത്തെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും ഇടപെടലിലാണ് രണ്ടാം തവണയും അണ്ടർ പാസേജ് പൊളിക്കാൻ തീരുമാനമായത്. ആദ്യം മീറ്ററിലുള്ള അടിപ്പാത പണിതത് തീരെ സൗകര്യപ്രദമായിരുന്നില്ല. വീണ്ടും മുറവിളി ഉയർന്നപ്പോൾ 4x 3 അടിപ്പാത അനുവദിച്ചു. വീണ്ടും പ്രക്ഷോഭത്തിലായപ്പോൾ ആണ് ഇതും പൊളിക്കാൻ തീരുമാനമായത്.