കടലിൽ മീൻപിടിക്കാൻ പോയവർക്ക് കിട്ടിയത് നൂറുകണക്കിന് തേങ്ങ; ആവശ്യത്തിനെടുത്തു, ബാക്കി തൂക്കിവിറ്റു

കണ്ണൂർ: അഴീക്കലിൽനിന്ന് മൂന്ന് വള്ളങ്ങളിൽ കടലിൽ പോയവരുടെ വലയിൽ വലുതായി മീനൊന്നും തടഞ്ഞില്ല. പക്ഷേ, തിരിച്ചുവരവിൽ വള്ളക്കാർ ‘ഹാപ്പി’യായിരുന്നു. വള്ളം നിറയെ തേങ്ങയുമായിട്ടായിരുന്നു വരവ്. മൂന്ന് വള്ളങ്ങളിലുള്ളവർക്കും കൂടി മുന്നൂറിലധികം തേങ്ങയാണ് കടലിൽനിന്ന് കിട്ടിയത്. വിവരമറിഞ്ഞ് രണ്ടാമത് ആയിക്കരയിൽനിന്ന് പുറപ്പെട്ടവർക്ക് കിട്ടിയതാകട്ടെ ആയിരത്തിലധികം തേങ്ങയും.
അഴീക്കലിലെ കെ.കെ. ബൈജുവിന്റെ ഉടമസ്ഥതയിലുള്ള ‘ശിവഗംഗ’ എന്ന വലിയ തോണിയിലും മറ്റ് രണ്ട് കാരിയർ വള്ളങ്ങളിലുമായാണ് 25-ഓളം പേർ ചൊവ്വാഴ്ച രാവിലെ 6.30-ഓടെ കടലിൽ പോയത്. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ദിവസങ്ങളായി പണിയില്ലാതിരിക്കുകയായിരുന്നു. വലയിൽ മീനൊന്നും കുടുങ്ങാത്തതിനാൽ നിരാശയിലായ തോണിക്കാർ പെട്ടെന്നാണ് കടലിൽ പൊങ്ങിക്കിടക്കുന്ന തേങ്ങകൾ കണ്ടത്. കാരിയർ വള്ളത്തിലുള്ളവർ കൈകൊണ്ടും മീൻകോരി ഉപയോഗിച്ചും തേങ്ങ വള്ളത്തിലടുപ്പിച്ചു. മൂന്നുപേരാണ് ചെറിയ തോണിയിലുണ്ടായിരുന്നത്.
വിവരമറിഞ്ഞ് ആയിക്കരയിൽനിന്ന് മറ്റൊരു വള്ളം കടലിലേക്ക് പുറപ്പെട്ടു. വള്ളത്തിലെ എട്ടുകള്ളികളിൽ ആയിരത്തോളം തേങ്ങയുമായാണ് അവരും തിരിച്ചെത്തിയത്. ആയിക്കരയിൽനിന്ന് പോയ സംഘം ഉപയോഗത്തിനുള്ളത് മാറ്റിവെച്ച് 85 കിലോഗ്രാമോളം തേങ്ങ തൂക്കിവിറ്റു.