സ്കൂൾ പ്രവൃത്തി സമയത്ത് അധ്യാപകനെയും പി ടി എ പ്രസിഡണ്ടിനെയും മർദ്ദിച്ച രണ്ടു പേർ അറസ്റ്റിൽ

പരിയാരം: സ്കൂൾ പ്രവൃത്തി സമയത്ത് കോമ്പൗണ്ടിൽ വാഹനം കയറ്റിയത് ചോദ്യം ചെയ്ത അധ്യാപകനെ ക്ലാസിൽ കയറി മർദ്ദിക്കുകയും തടയാൻ ശ്രമിച്ച പി ടി എ പ്രസിഡണ്ടിനെയും മർദ്ദിച്ച രണ്ടു പേർ അറസ്റ്റിൽ. കടന്നപ്പള്ളിയിലെ മുണ്ടയാടൻ വീട്ടിൽ പ്രണവ് (27), വെള്ളരിക്കുണ്ട് പൂവാരിക്കുന്നേൽ ഹൗസിൽ ജോസഫ് (25) എന്നിവരെയാണ് എസ്.ഐ.സി.സനീതും സംഘവും അറസ്റ്റു ചെയ്തത്.
കടന്നപ്പള്ളി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകൻ പി.ലതീഷിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് സംഭവം. പരാതിക്കാരൻ ജോലി ചെയ്യുന്ന സ്കൂളിലെ ക്ലാസ് മുറിയിൽ അതിക്രമിച്ച് കയറി ക്ലാസ് എടുത്ത് കൊണ്ടിരിക്കുകയായിരുന്ന പരാതിക്കാരനെ രണ്ടാം പ്രതി തടഞ്ഞു നിർത്തുകയും ഒന്നാം പ്രതി കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും തടയാൻ ചെന്ന പി ടി എ പ്രസിഡണ്ട് രാജേഷിനെയും അടിച്ചു പരിക്കേൽപ്പിക്കുകയും അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.