കുപ്പത്ത് മണ്ണിടിച്ചിൽ : അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ : ദേശീയപാതാ നിർമ്മാണ മേഖലയായ കുപ്പം-കപ്പണത്തട്ടിൽ മണ്ണിടിച്ചിലും റോഡിന് വിള്ളലുണ്ടായതു കാരണം ജീവിതം ദുസഹമായെന്ന പരാതിയിൽ ദേശീയപാതാ അതോറിറ്റി പ്രോജക്റ്റ് ഡയറക്ടർ അടിയന്തരമായി അന്വേഷണം നടത്തി വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജൂൺ 21 ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ജില്ലാ കളക്ടറും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
റോഡിന് സംരക്ഷണത്തിനായി നിർമ്മിച്ച കോൺക്രീറ്റ് പാർശ്വഭിത്തിയാണ് ഇടിഞ്ഞത്. സ്ഥരിമായി ഇടിയുന്ന ഭാഗത്തു നിന്ന് മാറി കോൺക്രീറ്റ് ചെയ്ത ഭിത്തിയാണ് ഇടിഞ്ഞത്. ഇതിന് സമീപം ജനവാസ മേഖലയാണ്. സമീപത്തെ വീടുകൾക്ക് ഭീഷണിയുണ്ടാവുന്ന രീതിയിലാണ് മണ്ണിടിയുന്നത്. ദുരന്തഭൂമി പോലെയായി റോഡ് മാറിയതായി വാർത്തകളിൽ പറയുന്നു. ദേശീയപാതാ നിർമ്മാണത്തിന്റെ ഭാഗമായി കുന്നിടിച്ച് മണ്ണ് മാറ്റി നിർമ്മാണം നടത്തിയ ഭാഗമാണ് ഇടിഞ്ഞത്.