കണ്ണൂരിലെ ദുരിതപ്പെയ്ത്തില്‍ കെ.എസ്.ഇ.ബിക്ക് വൻ നഷ്ടം

കണ്ണൂർ : കാലവർഷത്തിന്റെ തുടക്കത്തില്‍ തന്നെ ജില്ലയില്‍ വൈദ്യുത വകുപ്പിന് വൻ നഷ്ടം. ഇതിനകം 71 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വൈദ്യുത തൂണുകള്‍ കടപുഴകി വീണും ലൈനുകള്‍ പൊട്ടിയും മരങ്ങളും ശിഖരങ്ങളും വീണും ജില്ലയില്‍ ഉടനീളം വലിയ നാശനഷ്ടമാണ് വൈദ്യുതിബോർഡിന് സംഭവിച്ചിരിക്കുന്നത്. പലയിടങ്ങളിലും മണിക്കൂറുകളോളം വൈദ്യുതിയും മുടങ്ങി.
കണ്ണൂർ ശ്രീകണ്ഠാപുരം എന്നീ രണ്ട് സർക്കിളുകള്‍ ചേർന്നതാണ് ജില്ലയിലെ കെ.എസ്.ഇ.ബി സെക്ഷൻ. ഇതില്‍ മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന ശ്രീകണ്ഠാപുരം സർക്കിളിന് കീഴിലാണ് കൂടുതല്‍ നഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നത്. കാലവർഷം തുടങ്ങുമ്പോള്‍ തന്നെ ഇത്രയും നഷ്ടമുണ്ടായത് വകുപ്പിനേയും ജനങ്ങളേയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മഴ നഷ്ടക്കണക്ക് കൂടുമോയെന്ന ആശങ്കയിലാണ് വൈദ്യുതിവകുപ്പ്.
ഹൈടെൻഷൻ ലൈനുകള്‍ 27, ലോ ടെൻഷൻ ലൈനുകള്‍ 285
മരം കടപുഴകി വീണും ശിഖരങ്ങള്‍ പൊട്ടിയും 27 ഹൈടെൻഷൻ തൂണുകളും 285 ലോ ടെൻഷൻ തൂണുകളും തകർന്നുവെന്നാണ് വൈദ്യുതിവകുപ്പിന്റെ കണക്ക്. പത്തിടങ്ങളില്‍ എച്ച്.ടി ലൈൻ പൊട്ടി വീണു. പതിനൊന്ന് കെ.വി ഫീഡറുകളിലും വിവിധ ഇടങ്ങളിലായി വൈദ്യുതി തടസ്സപ്പെട്ടിരുന്നു. 629 ഇടങ്ങളില്‍ എല്‍.ടി ലൈനുകള്‍ പൊട്ടി വീണു. 18,320 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം നഷ്ടമായതായും ഔദ്യോഗിക കണക്കുകള്‍ പറയുന്നു. എന്നാല്‍ താല്‍ക്കാലികമായും രേഖപ്പെടുത്താത്തതുമായും വൈദ്യുതി ബന്ധം നഷ്ടപ്പെട്ട കണക്കുകള്‍ ഇതിലുമേറുമെന്നാണ് വിവരം.