പാപ്പിനിശ്ശേരിയിലെ ജനതയുടെ ജീവിതവും പരിസ്ഥിതിയും നശിപ്പിക്കുന്ന മണലൂറ്റൽ പദ്ധതിക്ക് അനുമതിനൽകാനുള്ള ശ്രമത്തിൽ നിന്ന് സർക്കാർ പിന്മാറണം, പ്രദേശവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കണം_ബഷീർ കണ്ണാടിപ്പറമ്പ്

പാപ്പിനിശ്ശേരി: അഴീക്കൽ തുറമുഖത്തിലെ കപ്പൽ ചാലിന് ആഴം കൂട്ടാനെന്ന പേരിൽ പാപ്പിനിശ്ശേരിയിലെ ജനവാസ കേന്ദ്രത്തിൽ മണലൂറ്റൽ കേന്ദ്രവും ഫിൽട്ടറിങ്ങ് യൂണിറ്റും സ്ഥാപിക്കുന്നതിന് സ്വകാര്യ കമ്പനിക്ക് സർക്കാർ നൽകിയ അനുമതി തികഞ്ഞ ജനവിരുദ്ധനടപടിയാണെന്ന് എസ്ഡിപിഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപ്പറമ്പ് പറഞ്ഞു. പാപ്പിനിശ്ശേരി ബോട്ട് ജെട്ടിയിലെ നിർദ്ദിഷ്ട മണലൂറ്റൽ കേന്ദ്രം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്നതും, വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകൾ, മദ്രസ്സ, അംഗൻവാടികൾ എന്നിവ പ്രവർത്തിക്കുന്നതുമായ പ്രദേശത്തിന്റെ നടുവിലാണ് ഈ കേന്ദ്രം പണിയുന്നത്. ഇത് ശുദ്ധജലവും ശുദ്ധവായുവും നിഷേധിക്കുകയും, സഞ്ചാരമാർഗ്ഗങ്ങൾ തകർക്കുകയും, നാട്ടുകാരുടെ സമാധാനപൂർണമായ ജീവിതം തകർക്കുകയും ചെയ്യും. മണലൂറ്റലിലൂടെ കര വിഴുങ്ങിപ്പോകുന്ന ഈ പദ്ധതിയിൽ ആർക്കാണ് താൽപര്യമുള്ളത് എന്ന് സർക്കാർ ജനങ്ങൾക്ക് വിശദീകരിക്കണം. പ്രകൃതിദത്തമായ സമ്പത്ത് കുത്തകമുതലാളിമാർക്കായി ചൂഷണം ചെയ്യാൻ സർക്കാർ ഇടനിലക്കാരാകുന്നത് അസ്വീകര്യമാണ്. ജനങ്ങളുടെ ആസ്ഥികളും സുരക്ഷിതത്വവുമാണ് ഇവിടെ അടിയന്തിരമായി ചർച്ച ചെയ്യേണ്ടത്. മണലൂറ്റൽ കേന്ദ്രത്തെയും ഫിൽട്ടറിങ്ങ് യൂണിറ്റിനെയും എതിര്‍ത്തു നടക്കുന്ന ജനകീയ സമരത്തിന് എസ്ഡിപിഐ ശക്തമായ ഐക്യദാർഢ്യവും പൂർണ്ണ പിന്തുണയും പ്രഖ്യാപിക്കുകയാണ്. ജനവിരുദ്ധമായ ഈ പദ്ധതിയെതിരെ പ്രതിഷേധം ശക്തിപ്പെടുത്താനും പ്രദേശവാസികളോടൊപ്പം ഉറച്ച നിലപാടോടെ നിലകൊള്ളാനും പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ മൗലവി , ജനറൽ സെക്രട്ടറി മുസ്തഫ നാറാത്ത് , മണ്ഡലം കമ്മിറ്റയംഗം സി ഷാഫി , പഞ്ചായത്ത് പ്രസിഡന്റ് മഹ്‌റൂഫ് , സെക്രട്ടറി ഫിറോസ് , വാർഡ് മെമ്പർ മുബ്സിന, സാജിദ് ജനകീയ കൂട്ടായ്മയുടെ കമ്മിറ്റി അംഗങ്ങളായ ഷഫീക് കെഒകെ, കെകെ മമ്മുഞ്ഞി, പൂക്കോട്ട് കുമാരൻ,വിജയൻ, വിനോദ്, പി പി കബീർ, അഷ്റഫ് എന്നിവരും അദേഹത്തോടൊപ്പമുണ്ടായിരുന്നു.