അഴീക്കോട്ടെആശനും കുടുംബവും 31 ന് കലക്ട്രേറ്റ് പടിക്കൽ കുടിൽ കെട്ടി സമരം നടത്തും.

കണ്ണൂർ:
ദളിത് പീഢന നിയമത്തെ പോലീസും ഭരണകൂടവും നോക്കുകുത്തിയാക്കുന്നതിൽ പ്രതിഷേധിച്ച് അഴീക്കോട് പട്ടികജാതി കോളനിയിലെ വെള്ളക്കുടിയൻ ആശനും കുടുംബവും മെയ് 31മുതൽ കലക്ട്രേറ്റിന് മുമ്പിൽ കുടിൽ കെട്ടി സത്യാഗ്രഹ സമരം നടത്തുമെന്ന് കേരളപട്ടികജന സമാജം സംസ്ഥാന ജനറൽ സിക്രട്ടറി തെക്കൻ സുനിൽ കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോളനിയിൽ കഴിഞ്ഞ 50 വർഷമായി താമസിച്ചു വരുന്ന ആശന്റെ വീടിനോട് ചേർന്ന് താഴ്ചയിൽ അയൽവാസി ജെ സി ബി ഉപയോഗിച്ച് മണ്ണെടുത്തതിനെത്തുടർന്ന് വീട് ഏത് നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ്. ഇതിനെതിരെ വളപട്ടണം പോലീസ് , സിറ്റി പോലീസ് കമ്മീഷണർ, തഹസിൽദാർ, എസ് സി /എസ് ടി കമ്മീഷണർ എന്നിവർക്ക് പരാതികൾ നൽകിയെങ്കിലും കഴിഞ്ഞ 9 മാസമായി ഒരു നടപടികളും സ്വീകരിച്ചില്ലെന്ന് സുനിൽകുമാർ പറയുന്നു.ആശനും ഭാര്യയുംരണ്ട് പെൺമക്കളുമാണ് വീട്ടിൽ താമസിക്കുന്നത്. കാലവർഷം തുടങ്ങുന്നതോടെ ഏത് നിമിഷനും വീട് തകർന്ന് വീഴുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആ ശനും കുടുംബവും കുടിൽ കെട്ടി സത്യാഗ്രഹ സമരം ആരംഭിക്കുന്നത്. ഇവർക്കൊപ്പം കേരള പട്ടിക ജന സമാജം പ്രവർത്തകരും പങ്കെടുക്കുമെന്ന് സുനിൽകുമാർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കെ പി ജെ എസ് ജില്ലാ സിക്രട്ടറി സുരേഷ്കുമാർ അരിങ്ങങ്ങളയ,വെള്ളക്കുടിയൻ ആശൻ, ഭാര്യ എം ജീന, മഹിള സമാജം ജില്ലാ സിക്രട്ടറി ബബിത ബേബി, വി കെ സുമിത എന്നിവരും പങ്കെടുത്തു.