മാലിന്യ സംസ്കരണത്തിൽ അപാകത – മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ

തലശ്ശേരി നഗരസഭാ പരിധിയിൽ തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ മാലിന്യ സംസ്കരണത്തിൽ അപാകതകൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. മാലിന്യം കൂട്ടി യിട്ടതിനും മലിനജലം കണ്ടൽ കാട്ടിലേക്ക് ഒഴുക്കിവിട്ടതിനും കുയ്യാലിയിലെ തോട്ടത്തിൽ റെസ്റ്റോറൻ്റിന് പതിനായിരം രൂപയും, പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യം സ്ഥാപനത്തിൻ്റെ പാർകിങ്ങ് സ്ഥലത്ത് കൂട്ടിയിട്ട് കത്തിച്ചതിന് കൊളശ്ശേരിയിലെ ദോഹ റെസ്റ്റോ ആൻ്റ് കഫെയ്ക്ക് അയ്യായിരം രൂപയുമാണ് പിഴ ചുമത്തിയത്. മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടതിന് കൊളശ്ശേരിയിലെ ഇൻസ്റ്റാകാർട്ട് സർവീസ് ലിമിറ്റഡിന് ആയിരം രൂപയും പിഴ ചുമത്തി. കണ്ടെത്തിയ അപാകതകൾ നിശ്ചിത സമയത്തിനകം പരിഹരിച്ച് റിപ്പോർട്ട് ചെയ്യാൻ സ്ക്വാഡ് സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. അജയകുമാർ കെ. ആർ , ശരീകുൽ അൻസാർ, കുഞ്ഞിക്കണ്ണൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു
