നിധീഷ് ബാബുവിന്റെ കൊലയ്ക്ക് പിന്നിൽ നിർമ്മാണം വൈകിയതിലെ തർക്കം: കണ്ണൂരിനെ അശാന്തിയിലാഴ്ത്തി കള്ളത്തോക്കുകൾ

നിധീഷ് ബാബുവിന്റെ കൊലയ്ക്ക് പിന്നിൽ നിർമ്മാണം വൈകിയതിലെ തർക്കം: കണ്ണൂരിനെ അശാന്തിയിലാഴ്ത്തി കള്ളത്തോക്കുകൾ
കള്ളത്തോക്ക് നിർമ്മാണവും ഉപയോഗവും കണ്ണൂർ ജില്ലയിൽ അശാന്തി പരത്തുന്നു. അടുത്തിടെ നടന്ന രണ്ട് കൊലപാതകങ്ങളിൽ ഒന്ന് കള്ളത്തോക്ക് ഉപയോഗിച്ചും രണ്ടാമത്തേത് തോക്ക് നിർമ്മിച്ചുനൽകാൻ വൈകിയതുമായി ബന്ധപ്പെട്ട തർക്കവുമാണെന്നതും ശ്രദ്ധേയമാണ്.ശല്യക്കാരായ കാട്ടു പന്നികളെ കൊല്ലാൻ വേണ്ടിയുള്ള ഷൂട്ടേഴ്സ് ലൈസൻസ് ഉള്ളവർ പോലും കള്ളതോക്ക് ഉപയോഗിച്ചുവരുന്നതായി പൊലീസ് തന്നെ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറ്റവും ഒടുവിൽ പയ്യാവൂരിൽ ഇരുമ്പ് ആയുധ നിർമ്മാണ തൊഴിലാളിയായ നിധീഷ് ബാബുവിനെ വീട്ടിൽ കയറി ഭാര്യയുടെ മുന്നിൽ വച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത് കള്ളത്തോക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് പ്രതികളുടെ മൊഴിയിൽ നിന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ ഒന്നാം പ്രതി ഇന്നലെ രാവിലെയാണ് പൊലീസിൽ കീഴടങ്ങിയത്. രണ്ടാം പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. നാടൻതോക്ക് നിർമാണവുമായി ബന്ധപ്പെട്ട് നേരത്തെ നിധീഷ്ബാബുവിന്റെ ഇരുമ്പുപണിശാലയിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ മാസം മുണ്ടയാട് വാരം സ്വദേശിയായ റിട്ട.എസ്.ഐ സെബാസ്റ്റ്യനെ കള്ളത്തോക്കുമായി കാറിൽ പോകുന്നതനിടയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിൽപെട്ട കാർ പരിശോധിച്ചപ്പോഴായിരുന്നു കള്ളത്തോക്ക് കണ്ടെത്തുകയായിരുന്നു. താൻ പന്നിയെ വെടി വെക്കാൻ പോകുകയാണെന്നായിരുന്നു ഇദ്ദേഹം നൽകിയ മൊഴി.
ഷൂട്ടേഴ്സ് സംഘത്തിലും ലൈസൻസ് ഇല്ലാത്തവർ
മാർച്ച് 20 ന് കൈതപ്രത്ത് കെ.കെ.രാധാകൃഷ്ണനെ വെടിവച്ച് കൊന്ന കേസിൽ പിടിയിലായ പെരുമ്പടവിലെ എൻ.കെ.സന്തോഷ് കാട്ടുപന്നിയെ വെടിവെക്കാൻ അനുമതിയുള്ള ഷൂട്ടേഴ്‌സസ് സംഘത്തിലെ അംഗമാണ്. ഈയാൾ കൃത്യം നടത്താൻ ഉപയോഗിച്ച തോക്കിന് ലൈസൻസ് ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഷൂട്ടേഴ്സ് സംഘത്തിന്റെ മറവിൽ വന്യ മൃഗങ്ങളെ വേട്ടയാടുന്ന സംഭവങ്ങളും നിരവധിയാണ്.
തിരകളെത്തുന്നത് അതിർത്തി കടന്ന്
മാർച്ചിൽ കണ്ണൂർ കർണ്ണാടക പാതയിൽ കൂട്ടു പുഴ ചെക് പോസ്റ്റിൽ നിന്നും സ്വകാര്യബസിൽ നിന്നും 150 തിരകൾ എക്സൈസ് പരിശോധനയിൽ കണ്ടെടുത്തിയിരുന്നു. വീരാജ് പേട്ടിൽ നിന്നും കണ്ണൂരിലേക്ക് കടത്തുന്നതിനിടയിലാണ് ബസ്സിന്റെ സീറ്റിനടിയിൽ നിന്നും തിരകൾ പിടിച്ചെടുത്തത്. കള്ളത്തോക്കുകളിൽ ഉപയോഗിക്കാനായുള്ള തിരയായിരിക്കാം ഇതെന്ന നിഗമനത്തിലാണ് പൊലീസ്.
നിർമ്മാണകേന്ദ്രങ്ങൾ മലയോരത്ത്
കണ്ണൂർ ജില്ലയിൽ കൂടുതലായും കള്ളത്തോക്കുകൾ നിർമ്മിക്കുന്നത് മലയോര മേഖലകളിൽ ആണെന്നും കാഞ്ഞിരക്കൊല്ലി ഇതിന് പ്രധാനകേന്ദ്രമാണെന്നുമാണ് പൊലീസിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട നിർണായക വിവരം കർണ്ണാടക വനം വകുപ്പ് പത്തു വർഷം മുമ്പ് പൊലീസിന് കൈമാറിയിരുന്നു.അതിർത്തിഗ്രാമമായ കാലാങ്കി മുതൽ വഞ്ചിയം വരെ 130 കള്ളത്തോക്കുകൾ കൈവശം വച്ചവരുടെ ലിസ്റ്റും അന്ന് പൊലീസിന് ലഭിച്ചതാണ്. പ്രദേശത്ത് ഒരു വർഷം മുന്നേ റിസോർട്ട് നടത്തിപ്പുകാരനായ ബെന്നി അബദ്ധത്തിൽ താഴെ വീണ തോക്ക് പൊട്ടി മരിച്ചതുൾപ്പെടെ കള്ളത്തോക്ക് നിർമ്മാണത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.