ചൊക്ലിയിൽ പരിശോധന: നിയമലംഘനം നടത്തിയ രണ്ട് സ്ഥാപനങ്ങൾക്ക് പിഴ

ചൊക്ലി: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് ചൊക്ലി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചതിനെത്തുടർന്ന് ‘യുകെ മിനി സ്റ്റോർ’ എന്ന കടയ്ക്ക് 10,000 രൂപ പിഴ ചുമത്തി. കടയിൽ നിന്ന് വിവിധ വലിപ്പത്തിലുള്ള 23 കിലോ നിരോധിത ക്യാരിബാഗുകൾ പിടിച്ചെടുത്തു.
അശാസ്ത്രീയമായി മാലിന്യം സംസ്കരിച്ചതിനാണ് ‘ചൊക്ലി മെഡിക്കൽ സെന്ററിന്’ 10,000 രൂപ പിഴ ചുമത്തിയത്. ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ പ്രത്യേക നിർമ്മിതിയുണ്ടാക്കി തരംതിരിക്കാത്ത ജൈവ-അജൈവ മാലിന്യങ്ങൾ കത്തിക്കുന്നതായി സ്ക്വാഡ് കണ്ടെത്തി. അജൈവ മാലിന്യങ്ങൾ ഹരിതകർമ്മ സേനയ്ക്ക് കൈമാറുന്നതിൽ സ്ഥാപനം വീഴ്ച വരുത്തിയതായും കണ്ടെത്തി. മാലിന്യം കത്തിക്കാൻ നിർമ്മിച്ച സംവിധാനം പൊളിച്ചുമാറ്റാനും സ്ക്വാഡ് നിർദ്ദേശം നൽകി. സ്ക്വാഡ് എൻഫോഴ്‌സ്മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ, ശ്രീഹരി, ചൊക്ലി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ രംന സി.എൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.







