പീഡനക്കേസ്: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 10 വർഷത്തിന് ശേഷം പിടിയിൽ

തലശ്ശേരി: പീഡനക്കേസിൽ കോടതിയിൽ നിന്ന് ജാമ്യമെടുത്ത് മുങ്ങിയ പ്രതി 10 വർഷത്തിന് ശേഷം അറസ്റ്റിൽ. കൊല്ലം പെരിനാട് വെളിമൺ സ്വദേശി പുത്തൻവീട്ടിൽ അഷ്റഫ് (47) ആണ് എറണാകുളത്ത് വെച്ച് തലശ്ശേരി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
തലശ്ശേരി സ്വദേശിയായ യുവതിയെ എറണാകുളത്ത് കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് കേസ്. നേരത്തെ പിടികൂടി റിമാൻഡ് ചെയ്ത പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. ഇതോടെ കേസിന്റെ വിചാരണ നടപടികൾ തടസ്സപ്പെട്ടു. തുടർന്ന് ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് മറ്റൊരു യുവതിയെ വിവാഹം കഴിച്ച അഷ്റഫ്, പെയിന്റിംഗ് തൊഴിലാളിയെന്ന വ്യാജേന കൊല്ലത്തും എറണാകുളത്തുമായി താമസിച്ച് വരികയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.







