പയ്യന്നൂരിൽ ആശുപത്രിയിലെ നഴ്‌സുമാരുടെ മൊബൈൽ മോഷ്ടാവ് കണ്ണൂർ ടൗണിലും കാഞ്ഞങ്ങാടും സമാനമായ രീതിയിൽ മോഷണം നടത്തി.

പയ്യന്നൂർ.പയ്യന്നൂരിൽ സ്വകാര്യാശുപത്രിയിലെ നഴ്സുമാരുടെ വില പിടിപ്പുള്ള മൂന്നു ഫോണുകൾ കവർന്ന മോഷ്ടാവ് കണ്ണൂർ ടൗണിലെ ആശുപത്രിയിലും കാഞ്ഞങ്ങാട്ടെ ആശുപത്രിയിലും സമാനമായ രീതിയിൽ മൊബൈൽ മോഷണം നടത്തിയതായി പോലീസ് കണ്ടെത്തി. ആശുപത്രിയിലെ നഴ്സുമാരുടെ ഫോണുകളാണ് മോഷ്ടാവ്കവർന്നത്. മോഷണത്തിന് ശേഷം കർണ്ണാടകയിലേക്ക് കടന്ന പ്രതിയെ സൈബർ സെല്ലിൻ്റെ സഹായത്തോടെ പയ്യന്നൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം ഇയാൾ ബാംഗ്ലൂരിലെത്തിയതായി തിരിച്ചറിഞ്ഞിട്ടുണ്ട്.
നേരത്തെ പയ്യന്നൂരിന് സമീപം താമസിച്ചിരുന്ന ഇയാൾ ഇപ്പോൾ മംഗലാപുരത്ത് താമസിച്ച് മോഷണം നടത്തി മുങ്ങുകയാണ് പതിവ്. കാഞ്ഞങ്ങാട്ടെ മൺസൂർ ആശുപത്രിയിലും കണ്ണൂർ ടൗണിന് സമീപത്തെ സ്വകാര്യാശുപത്രിയിലും സമാനമായ രീതിയിൽ മോഷണം നടത്തി മുങ്ങിയിരിക്കുകയാണ്. ഫോൺ ചെയ്തു കൊണ്ട് ആശുപത്രിക്ക് അകത്തുകയറുന്ന മോഷ്ടാവ് നിരീക്ഷണം നടത്തി വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ മോഷ്ടിച്ചു കടന്നു കളയുകയാണ് പതിവ് രീതി. ഇക്കഴിഞ്ഞ മെയ് നാലാം തീയതി ഉച്ചക്ക് 1.30 മണിക്കും 2 മണിക്കുമിടയിലാണ്
പയ്യന്നൂർ മൂരി കൊവ്വലിൽ പ്രവർത്തിക്കുന്ന അനാ മയ ആശുപത്രിയിലെ നഴ്സുമാരായ പരിയാരം കുറ്റ്യേരിയിലെ സന്ധ്യാവിനോദ് ,ചെറുപുഴയിലെ സാന്ദ്ര, നിധി ജോസഫ് എന്നിവരുടെ ഫോണുകൾ മോഷണം പോയത്.ഡ്യൂട്ടിക്കിടെആശുപത്രിയുടെ റിസപ്ഷനിൽ സൂക്ഷിച്ച 54,000 രൂപ വിലവരുന്ന മൂന്നു ഫോണുകളാണ് പ്രതി കവർന്നത്. ആശുപത്രി കൗണ്ടറിന് സമീപത്ത് ഒരാൾ കുറേ സമയം ചുറ്റി തിരിയുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെങ്കിലും മോഷണത്തിനാണെന്ന് ജീവനക്കാർ കരുതിയില്ല. ജീവനക്കാർകൗണ്ടറിൽ നിന്നും മാറിയ തക്കത്തിൽ മൂന്ന് മൊബൈൽ ഫോണുകളുമായി മോഷ്ടാവ് കടന്നു കളഞ്ഞു. മോഷ്ടാവിൻ്റെ ദൃശ്യം ആശുപത്രിയിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. ഇയാൾ നേരത്തെയും ചില മോഷണങ്ങളിൽ പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.