കരിവെള്ളൂർകുണിയൻ ഉപ്പുവെള്ള പ്രതിരോധ ബണ്ട് നിർമ്മാണത്തിന് തുടക്കമായി

കരിവെള്ളൂർ: കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തിലെ കാർഷിക മേഖലക്കും കുടിവെള്ള സ്രോതസ്സുകൾക്കും പുത്തൻ പ്രതീക്ഷയേകി കുണിയൻ ഉപ്പുവെള്ള പ്രതിരോധ ബണ്ടിന്റെ നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി.
പയ്യന്നൂർ മണ്ഡലം എം.എൽ.എ.
ടി.ഐ.മധുസൂദനൻ നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
2024-25 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച 75 ലക്ഷം രൂപയുടെ പദ്ധതി മൈനർ ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിലാണ് നടപ്പിലാക്കുന്നത്.
കരിവെള്ളൂർ-പെരളം പഞ്ചായത്തിന്റെ നെല്ലറയെന്നറിയപ്പെടുന്ന കുണിയൻ മേഖലയിലെ തെക്കനങ്കൂർ,കുട്ടൻവഴി പാടശേഖരങ്ങളിലായി 50-ലധികം ഹെക്ടർ സ്ഥലത്ത് മുൻപ് സജീവമായി നെൽക്കൃഷി ഉണ്ടായിരുന്നു.എന്നാൽ ഉപ്പുവെള്ളം കയറുന്നതുമൂലം കർഷകർ കൃഷി ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയാണിന്നുള്ളത്. ചേരിയിലെ തെക്കനങ്കൂർ പാടശേഖരത്തിൽ 956 മീറ്റർ നീളത്തിലും രണ്ട് മീറ്റർ ഉയരത്തിലുമാണ് പുതിയ തടയണ നിർമ്മിക്കുന്നത്.
ടി.ഐ.മധുസൂദനൻ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് ബജറ്റിൽ ഇടംപിടിച്ച ഈ പദ്ധതി പ്രാവർത്തികമാകുന്നതോടെ പ്രദേശത്തെ ദീർഘകാലത്തെ വലിയൊരു പ്രശ്നത്തിനാണ് പരിഹാരമാകുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.രമേശൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ.കെ. സുധാമണി,ജില്ലാ പഞ്ചായത്ത് അംഗം എ.വി.ലേജു,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി.പ്രീത , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.വി. പ്രദീപൻ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിനി കെ., ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വരുൺ ചന്ദ്രൻ,എ. വേണുഗോപാലൻ, എ.കെ.ഗിരീഷ് കുമാര്, വിനോദ് മാസ്റ്റർ,ശശി മാസ്റ്റർ എന്നിവരും മെമ്പർമാരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സന്നിഹിതരായിരുന്നു. വാർഡ് മെമ്പർ ഇ. പ്രഭാവതി സ്വാഗതവും പയ്യന്നൂർ മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ രാജേഷ് പി. നന്ദിയും പറഞ്ഞു.






