ഇരിട്ടിയിൽ തണൽമരങ്ങൾക്ക് നേരെ വീണ്ടും സമൂഹവിരുദ്ധരുടെ അതിക്രമം; തീയിട്ട് ഉണക്കാൻ ശ്രമം

ഇരിട്ടി: ടൗണിലെ വിവിധ ഇടങ്ങളിൽ തണൽമരങ്ങൾക്ക് നേരെ സമൂഹവിരുദ്ധരുടെ അതിക്രമം വീണ്ടും തുടരുന്നു. ഇരിട്ടി പഴയപാലം റോഡരികിലെ കൂറ്റൻ തണൽമരമാണ് കഴിഞ്ഞദിവസം തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചത്.
മാലിന്യങ്ങൾ കൂട്ടിയിട്ട് തീയിട്ടു:
ഉണങ്ങിയ മരത്തടികളും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും മരത്തിന്റെ ചുവട്ടിൽ കൂട്ടിയിട്ട ശേഷം തീയിടുകയായിരുന്നു. മരം ഉണക്കി നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തി ചെയ്തതെന്നാണ് നിഗമനം.
തുടർക്കഥയായി മരങ്ങളോടുള്ള ക്രൂരത:
രണ്ടാഴ്ച മുൻപും സമാനമായ രീതിയിൽ ഇരിട്ടിയിൽ മരങ്ങൾക്ക് നേരെ അതിക്രമം നടന്നിരുന്നു. ഇരിട്ടി ബസ്സ്റ്റാൻഡിലും മേലെ സ്റ്റാൻഡിലുമായി നിന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റിയും, തടിയിൽ ദ്വാരമുണ്ടാക്കിയും ഉണക്കാനുള്ള ശ്രമമുണ്ടായിരുന്നു.
പരിസ്ഥിതി സംഘടനകളും പ്രകൃതിസ്നേഹികളും ഇത്തരം പ്രവർത്തികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് നഗരത്തിൽ വീണ്ടും തണൽമരങ്ങൾക്ക് നേരെ അതിക്രമം തുടരുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.







