വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങി; എഴുത്തുകാരൻ വി എസ് അനിൽകുമാറിൻ്റെ കണ്ണപുരത്തെ വീടിന് മുന്നിൽ റീത്ത്

കണ്ണപുരം: പയ്യന്നൂരിലെ സി.പി.എം രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെ കുറിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ നേതാവ് വി. കുഞ്ഞികൃഷ്ണൻ എഴുതിയ പുസ്തകം ഏറ്റുവാങ്ങിയ എഴുത്തുകാരൻ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച നിലയിൽ. പ്രശസ്ത ചിന്തകൻ പ്രൊഫ. എം.എൻ. വിജയന്റെ മകനാണ് ഡോ. വി.എസ്. അനിൽകുമാർ.
കണ്ണപുരത്തെ വീടിന്റെ ഗേറ്റിനുള്ളിലാണ് വ്യാഴാഴ്ച രാവിലെ റീത്ത് പ്രത്യക്ഷപ്പെട്ടത്. ഗേറ്റിനകത്ത് വെച്ചിരുന്ന റീത്ത് കുഞ്ഞികൃഷ്ണന്റെ മകനാണ് ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ അനിൽകുമാർ പൊലീസിൽ പരാതി നൽകി.
റീത്ത് വെച്ചത് ആരാണെന്ന് വ്യക്തതയില്ലെന്ന് വി.എസ്. അനിൽകുമാർ പ്രതികരിച്ചു. അതേസമയം, ഇതിൽ അസഹിഷ്ണുതയാണ് തെളിയുന്നതെന്നും ഫാസിസത്തെ എതിർക്കുന്നവർ തന്നെ ഇത്തരം കാര്യങ്ങൾ ചെയ്യുകയാണെന്നും വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചു..
പുസ്തക പ്രകാശനവും വിവാദവും:
കഴിഞ്ഞ ഫെബ്രുവരി നാലിന് വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു പുസ്തക പ്രകാശനം നടന്നത്. ഇടതു നിരീക്ഷകൻ ജോസഫ് സി. മാത്യുവിൽ നിന്നാണ് വി.എസ്. അനിൽകുമാർ പുസ്തകം ഏറ്റുവാങ്ങിയത്. പുറത്തിറങ്ങിയ പുസ്തകം അതിവേഗം വിറ്റഴിയുകയും ചെയ്തിരുന്നു. ഇതിനുമുൻപ് പയ്യന്നൂരിൽ കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ഒരാളുടെ ബൈക്ക് അജ്ഞാതർ കത്തിച്ചിരുന്നു. ഈ കേസിലെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന ആരോപണങ്ങൾക്കിടെയാണ് പുതിയ സംഭവം.
ആരോപണങ്ങൾ തള്ളി സി.പി.എം:
ധനരാജ് രക്തസാക്ഷി ഫണ്ടിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നുവെന്നും, ഇത് ചൂണ്ടിക്കാണിച്ചപ്പോൾ പാർട്ടി നേതാക്കൾക്കൊപ്പമാണ് നിന്നതെന്നുമാണ് കുഞ്ഞികൃഷ്ണന്റെ പ്രധാന ആരോപണം. എന്നാൽ ഈ വാദങ്ങൾ ഭാവനാസൃഷ്ടിയാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പ്രതികരിച്ചു. പാർട്ടിക്ക് ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും കണക്കുകൾ കുടുംബയോഗങ്ങളിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.







