അണ്ടലൂർക്കാവ് ഉത്സവത്തിന് തുടക്കമായി; ഇനി ഭക്തിനിർഭരമായ ഏഴുനാൾ; ധർമ്മടം ഗ്രാമം വ്രതപുണ്യത്തിൽ

ധർമ്മടം: ഉത്തരമലബാറിലെ രാമായണ സങ്കൽപ്പങ്ങളുറങ്ങുന്ന കണ്ണൂർ അണ്ടലൂർക്കാവിലെ പ്രസിദ്ധമായ തിറ മഹോത്സവത്തിന് ഇന്ന് (കുംഭം 1) തുടക്കമായി. ഇനി ഏഴുദിവസം നാടും നഗരവും അണ്ടലൂർ ദൈവത്താരുടെ തിരുമുടി കാണാനുള്ള കാത്തിരിപ്പിലാണ്. കുംഭ പിറവി മുതൽ കുംഭം ഏഴു വരെ ദേശവാസികൾ വ്രതശുദ്ധിയിലാണ്.
ദേശത്തിന്റെ ഐക്യവും അതിഥി സൽക്കാരവും വിളിച്ചോതുന്ന ഉത്സവമാണിത്. ഉത്സവ നാളുകളിൽ മത്സ്യ മാംസാദികളും മദ്യവും ഇവിടെ വിൽക്കുകയോ വാങ്ങുകയോ ചെയ്യില്ല എന്നത് പ്രദേശത്തിന്റെ സവിശേഷതയാണ്. അപരിചിതരെപ്പോലും ‘അവിലും പൊരിയും പഴവും’ നൽകി സ്വീകരിക്കുന്ന പാരമ്പര്യം ഇന്നും തുടരുന്നു. ഓരോ വീട്ടിലും അതിഥികൾക്കായി പഴക്കുലകളും മലരും അവിലും കരുതിവെക്കും. ഒരു പഞ്ചായത്താകെ ഉത്സവത്തോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എന്നതും അണ്ടലൂർ ഉത്സവത്തിന്റെ പ്രത്യേകതയാണ്.
പ്രധാന തെയ്യക്കോലങ്ങൾ:
അതിരാളവും മക്കളും (സീതയും ലവകുശൻമാരും), ഇളങ്കരുവൻ, പൂതാടി, നാഗകണ്ഠൻ, നാഗഭഗവതി, മലക്കാരി, പൊൻമകൻ, പുതുചേകോൻ, വേട്ടക്കൊരുമകൻ, ബപ്പൂരൻ തുടങ്ങിയ തെയ്യങ്ങളാണ് ഇവിടെ കെട്ടിയാടുക.
പ്രധാന ചടങ്ങുകൾ:
• ബാലി-സുഗ്രീവ യുദ്ധം: ഉച്ചയ്ക്ക് ഒരു മണിക്ക് ക്ഷേത്രമുറ്റത്ത് രാമായണത്തിലെ ബാലി-സുഗ്രീവ യുദ്ധം തെയ്യാട്ടമായി അരങ്ങേറും.
• മെയ്യാലുകൂടൽ: വൈകിട്ട് ഭക്തർ ഒത്തുചേരുന്ന മെയ്യാലുകൂടൽ ചടങ്ങ് നടക്കും.
• ദൈവത്താർ പുറപ്പാട്: സൂര്യാസ്തമയത്തോടെ പ്രധാന ആരാധനാമൂർത്തിയായ ദൈവത്താർ (ശ്രീരാമൻ) പൊൻമുടിയണിയും. ഒപ്പം അങ്കക്കാരനും (ലക്ഷ്മണൻ), ബപ്പൂരനും (ഹനുമാൻ) തിരുമുടി അണയും.
• താഴെക്കാവിലേക്ക് എഴുന്നള്ളത്ത്: രാത്രിയോടെ ദൈവത്താറീശ്വരൻ താഴെക്കാവിലേക്ക് എഴുന്നള്ളും.
രാമായണത്തിലെ വിവിധ സന്ദർഭങ്ങളെ ആസ്പദമാക്കിയുള്ള തെയ്യാട്ടങ്ങൾ ഫെബ്രുവരി 19 വരെ തുടരും.







