പടന്നപ്പാലം തോട്ടിലെ മലിനീകരണത്തിന് പരിഹാരം; പയ്യാമ്പലത്ത് അഴി മുറിക്കൽ ഉടൻ ആരംഭിക്കും; മേയർ സ്ഥലം സന്ദർശിച്ചു

കണ്ണൂർ: പയ്യാമ്പലം പടന്നപ്പാലം തോട്ടിൽ മലിനജലം കെട്ടിനിന്ന് ജലം മലിനമാകുന്നത് ഒഴിവാക്കാൻ അടിയന്തര നടപടിയുമായി കണ്ണൂർ കോർപ്പറേഷൻ. തോടും കടലും ചേരുന്ന പയ്യാമ്പലം ഭാഗത്ത് അഴി മുറിക്കൽ പ്രവൃത്തി അടുത്ത ദിവസം തന്നെ ആരംഭിക്കും. ഇതിന് മുന്നോടിയായി മേയർ പി. ഇന്ദിരയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
കാലവർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇത്തവണ അഴി മുറിക്കൽ പ്രവൃത്തി പൂർത്തിയാക്കുമെന്ന് മേയർ അറിയിച്ചു. പടന്നപ്പാലം തോട്ടിൽ ഒഴുക്ക് തടസ്സപ്പെട്ട് വെള്ളം മലിനമാകുന്നത് പരിസരവാസികൾക്ക് വലിയ ആരോഗ്യഭീഷണിയാണ് ഉയർത്തുന്നത്. ഇതിന് പരിഹാരമായി ഡ്രഡ്ജർ ഉപയോഗിച്ച് അനുബന്ധ തോട്ടുകളിൽ നിന്ന് മണ്ണ് നീക്കം ചെയ്ത് വെള്ളം സുഗമമായി ഒഴുകാനുള്ള നടപടികൾ ഇപ്പോൾ നടന്നു വരുന്നുണ്ട്. സന്ദർശന വേളയിൽ കൗൺസിലർ അജിത് പാറക്കണ്ടി, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ. പി. പത്മരാജൻ, സി. ആർ. സന്തോഷ് കുമാർ എന്നിവരും മേയർക്കൊപ്പം ഉണ്ടായിരുന്നു.







