എക്സ് സർവീസസ് ലീഗ് 60-ാം വാർഷികം: ഫെബ്രുവരി 14-ന് കോഴിക്കോട്ട് വൻ റാലി; കണ്ണൂരിൽ നിന്ന് 700 പേർ പങ്കെടുക്കും

കണ്ണൂർ: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗിന്റെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 14-ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് വിപുലമായ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ലബ്ബിൽ അറിയിച്ചു. കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം എഴുന്നൂറോളം മുൻ സൈനികർ റാലിയിൽ അണിനിരക്കും.
വൈകിട്ട് 3.30-ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ റാലി ഫ്ളാഗ് ഓഫ് ചെയ്യും. കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ (കേണൽ എൻ.ആർ.ആർ വർമ്മ രാജ നഗർ) റാലി സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. സംഘടനയുടെ അറുപതാം വാർഷികം ഇന്ത്യൻ എക്സ് സർവീസസ് ലീഗ് പ്രസിഡന്റ് ഇന്ദ്ര മോഹൻ സിംഗ് ഉദ്ഘാടനം ചെയ്യും.
മുൻ സതേൺ ആർമി കമാൻഡർ ലഫ്. ജനറൽ സുരേന്ദ്രനാഥ് ചടങ്ങിൽ മുഖ്യാതിഥിയാകും. വിവിധ യുദ്ധങ്ങളിൽ പങ്കെടുത്ത ധീരരായ മുൻ സൈനികരെ സമ്മേളനത്തിൽ ആദരിക്കും. മുൻ സൈനികർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിക്കാനുള്ള അവകാശപത്രികയും ചടങ്ങിൽ അംഗീകരിക്കും.
വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വത്സരാജ് മടയമ്പത്ത്, ജില്ലാ സെക്രട്ടറി നാരായണൻ പയ്യരട്ട, കണ്ണൂർ താലൂക്ക് പ്രസിഡന്റ് സി.കെ. വിനോദ് കുമാർ, മഹിളാ വിംഗ് പ്രസിഡന്റ് എൻ. ശാന്ത ടീച്ചർ എന്നിവർ പങ്കെടുത്തു.







