മുണ്ടേരിയിൽ ചരിത്രം തിരുത്തി യു.ഡി.എഫ്; സി.കെ. റസീന പ്രസിഡന്റ്

മുണ്ടേരി: മുണ്ടേരി പഞ്ചായത്ത് ഭരണം ഇനി യു.ഡി.എഫിൻ്റെ കൈകളിൽ. മുസ് ലിം ലീഗിലെ സി.കെ റസീന പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. പടന്നോട്ട് വാർഡിൽ നിന്നാണ് റസീന വിജയിച്ചത്.
11 വീതം സീറ്റുകൾ നേടി യു.ഡി.എഫും എൽ.ഡി.എഫും തുല്യ നിലയിൽ എത്തിയ മുണ്ടേരി പഞ്ചായത്തിൽ റസീനക്കെതിരെ സിപിഎമ്മിലെ ഷമ്മി കൊമ്പനാണ് മത്സരിച്ചത്. എൽഡിഎഫ് അംഗത്തിൻ്റെ വോട്ട് അസാധുവായതിനെ തുടർന്നാണ് യുഡിഎഫ് വിജയിച്ചത്.
സി.പി.എമ്മിൻ്റെ കുത്തക പഞ്ചായത്തുകളിൽ ഒന്നായ മുണ്ടേരിയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് അനിഷ പാറോത്തുംചാൽ വാർഡിൽ പരാജയപ്പെട്ടിരുന്നു.
പഞ്ചായത്തിൽ ആകെ വോട്ടിന്റെ കണക്ക് നോക്കിയാൽ യുഡിഎഫ് ബഹുദൂരം മുന്നിലാണ്. യുഡിഎഫ് 22 വാർഡിലും കൂടി 12913 വോട്ട് പിടിച്ചപ്പോൾ എൽ ഡി എഫ് 10831 വോട്ടാണ് പിടിച്ചത്. 2082 വോട്ടിന്റെ വ്യത്യാസം. യുഡിഎഫിൻ്റെ സ്ഥാനാർഥികൾ വിജയിച്ചത് 500 ൽ കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ഉച്ചക്ക് 2.30 ന് നടക്കും.






