കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റ് ഉദ്യോഗസ്ഥ വിജിലൻസിന്റെ പിടിയിൽ

തലശ്ശേരി: കൈക്കൂലി വാങ്ങുന്നതിനിടെ തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് വിജിലൻസ് പിടിയിലായി. കണ്ണൂർ പാനൂർ സ്വദേശിനിയായ മഞ്ജിമ പി. രാജു (48) നെയാണ് കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടികൂടിയത്.
ഇന്ന് രാവിലെ 6.15-ന് തിരുവനന്തപുരത്ത് നിന്നും വന്ന മലബാർ എക്സ്പ്രസിൽ തലശ്ശേരി സ്റ്റേഷനിൽ ഇറങ്ങിയതായിരുന്നു മഞ്ജിമ. പറശ്ശിനിക്കടവ് സ്വദേശിനിയായ സ്ത്രീയിൽ നിന്നും ബി-ക്ലാസ് ഇലക്ട്രിക്കൽ കോൺട്രാക്ട് ലൈസൻസിനായി 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം ഇവരെ വളഞ്ഞത്.
കണ്ണൂർ യൂണിറ്റ് വിജിലൻസ് എസ്.ഐമാരായ പ്രവീൺ, നിജേഷ്, ബാബു, എ.എസ്.ഐമാരായ ജയശ്രീ, ശ്രീജിത്ത്, സജിത്ത്, രാജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.






