നിശബ്ദ പ്രചരണം :ഇനി പോളിംഗ് ബൂത്തിലേക്ക്

പയ്യന്നൂർ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി. വോട്ടിംഗ് മെഷീനും പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ പോളിംഗ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ 10 മണിയോടെ പയ്യന്നൂർ ബോയ്സ് സ്കൂളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ എത്തിയിരുന്നു. മുൻ കാലങ്ങളിൽ നിന്നു വ്യതസ്തമായി തിരക്കൊഴിവാക്കുന്നതിന്ഇത്തവണ പോളിംഗ് ഉദ്യോഗസ്ഥർക്ക് പോളിംഗ് സാമഗ്രികൾ കൈപറ്റുന്നതിന് സമയക്രമം നിശ്ചയിച്ചിരുന്നു. ഇതുപ്രകാരം ഉദ്യോഗസ്ഥർക്കു ണ്ടാകുന്ന ബുദ്ധി മുട്ടുകൾ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക്പയ്യന്നൂർ മേഖലയിൽ ക്രമസമാധാന പാലനത്തിനായി പയ്യന്നൂർ സബ് ഡിവിഷനിലെ പോലീസുകാർക്ക് പുറമെ എറണാകുളം സിറ്റി, കോഴിക്കോട് റൂറൽ എന്നിവിടങ്ങളിൽ
നിന്നുള്ള പോലീസ് ഉദ്യോഗസ്ഥന്മാരെയാണ് നിയോഗിച്ചിരിക്കുന്നത്. പയ്യന്നൂർ ഡി വൈ എസ് പി കെ.വിനോദ് കുമാറിനാണ് ക്രമസമാധാനപാലന ചുമതല. ഇവർക്കു പുറമെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, എക്സൈസ് ഉദ്യോഗസ്ഥർ, സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ, വിമുക്തഭടന്മാർ എന്നിവർ പോളിംഗ് സ്റ്റേഷനുകളിൽ സേവനമനുഷ്ഠിക്കും. നാളെ രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ്. ക്രമസമാധാന പാലനത്തിനായി ശക്തമായ പോലീസ് സേനയെ പ്രശ്നബാധിത ബൂത്തുകളിൽ ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്.






