കേന്ദ്രസേനയെ വിളിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ട് ബിജെപി

കണ്ണൂര്‍: പരാജയഭീതിപൂണ്ട സിപിഎം തദ്ദേശത്തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണെന്നും നിക്ഷ്പക്ഷവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ കേന്ദ്രസേനയെ വിളിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുമെന്നും ബിജെപി കോഴിക്കോട് മേഖലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിഷയം ഗൗരവമായെടുക്കണം. അക്രമം നടത്താന്‍ സിപിഎം വന്‍തോതില്‍ ആയുധം ശേഖരിച്ചിട്ടുണ്ട്. ഇന്‍ഡി സഖ്യത്തിലെ ഘടകകക്ഷികളായ സിപിഎമ്മിനും കോണ്‍ഗ്രസ്സിനും കേരളത്തില്‍ വികസനത്തെകുറിച്ച് പറയാന്‍ സാധിക്കുന്നില്ല. ജനങ്ങള്‍ എല്‍ഡിഎഫിനും യുഡിഎഫിനും എതിരാണ്.
പരാജയം മുന്നില്‍ കണ്ടുകൊണ്ടാണ് കോണ്‍ഗ്രസ്സും സിപിഎമ്മും എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും കൂട്ടുപിടിക്കുന്നത്. തീവ്രവാദ സംഘടനകളുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ സിപിഎം കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറാണോയെന്ന് വ്യക്തമാക്കണം. ഇടതു വലതു മുന്നണികള്‍ക്ക് പ്രത്യക്ഷമായി ബന്ധമുള്ളതിനാല്‍ അവര്‍ക്ക് അതിന് സാധിക്കില്ലെന്ന് വ്യക്തമാണെന്നും ശ്രീകാന്ത് പറഞ്ഞു.
വ്യാപകമായി എന്‍ഡിഎയുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പരാജയ ഭീതികൊണ്ടാണ്. പരാതി കൊടുത്താല്‍ അത് സ്വീകരിക്കാനോ നടപടി സ്വീകരിക്കാനോ പോലീസ് തയ്യാറാകുന്നില്ല. പിണറായി സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിഷയത്തില്‍ ഇടപെടണം. പോലീസിന് മേല്‍ സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ധമുണ്ട്. അതുകൊണ്ട് തന്നെ പോലീസിന് നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല.
എന്‍ഡിഎയുടെ വിജയസാധ്യതയില്ലാതാക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. സിപിഎം വ്യാപകമായ അക്രമം അഴിച്ച് വിടാന്‍ തയ്യാറെടുക്കുകയാണ്. ജനാധിപത്യവിരുദ്ധമായി വിജയം നേടിയെടുക്കാനുള്ള നീക്കമാണ് നടത്തുന്നത്. സ്ഥാനാര്‍ത്ഥികളെയും വോട്ടര്‍മാരെയും നിരന്തരമായി ഭീഷണിപ്പെടുത്തുകയാണ്. വികസനത്തെകുറിച്ച് ഒന്നും പറയാനില്ലാത്തതിനാല്‍ അപ്രസക്തമായ കാര്യങ്ങളാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുന്നത്. അത് അവരുടെ തെരഞ്ഞെടുപ്പ് പരാജയമാണ്. വ്യാപകമായി കള്ളവോട്ട് ചെയ്യാനുള്ള ആസൂത്രിതമായ നീക്കമാണ് രണ്ട് മുന്നണികളും നടത്തുന്നത്. കണ്ണൂര്‍ കോര്‍പറേഷനില്‍ ഇടതും വലതും ഒന്നും ചെയ്തില്ല. 53 കോടി രൂപയാണ് കണ്ണൂര്‍ കോര്‍പറേഷനില്‍ കേന്ദ്രഫണ്ട് ലാപ്‌സായതെന്നും ശ്രീകാന്ത് പറഞ്ഞു. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍, ബിജെപി ദേശീയ സമിതിയംഗം പി.കെ. വേലായുധന്‍, ജില്ലാ ട്രഷറര്‍ പി.കെ. ശ്രീകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.






