മലിനജലം ഒഴുക്കി വിട്ടതിന് ആശുപത്രിക്ക് അരലക്ഷം രൂപ പിഴ

കണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ ചാലയിൽ പ്രവർത്തിക്കുന്ന ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന് അര ലക്ഷം രൂപ പിഴ ചുമത്തി.ആശുപത്രിയിലെ മലിന ‘ജലശുദ്ധീകരണ പ്ലാന്റിന് സമീപത്തു നിന്നും മലിനജലം ഹോസ്പിറ്റലിൻ്റെ പിറക് വശത്തുള്ള കനാലിലേക്ക് ഒഴുക്കി വിട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി . തദ്ദേശവാസികളുടെ പരാതിയെ തുടർന്നാണ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയത്.ആശുപത്രിയുടെ ചുറ്റു മതിലിനോട് ചേർന്നുള്ള കനാലിലാണ് ദുർഗന്ധം വമിക്കുന്ന രീതിയിലുള്ള വെള്ളം ഒഴുക്കി വിട്ടതായി സ്ക്വാഡ് കണ്ടെത്തിയത്. നിലവിലെ മലിനജല ശുദ്ധീകരണ പ്ലാൻ്റ്റിൻ്റെ അപാകതകൾ കണ്ടെത്തി അടിയന്തരമായി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകാനും മുൻസിപ്പൽ ആക്ട് അനുസരിച്ച് 50,000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാനും കണ്ണൂർ കോർപ്പറേഷന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ സ്ക്വാഡ് നിർദ്ദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് ടീം അംഗങ്ങളായ കെ ആർ അജയകുമാർ ശരീകുൽ അൻസാർ, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരായ എസ്.ബി. പ്രമോദ്, വിനീത എൻ, ശ്രുതി കെ എന്നിവരും പങ്കെടുത്തു