യു.പി ലളിതഗാനത്തിൽ ഒന്നാം സ്ഥാനം; പിതാവിന്റെ സംഗീതപാരമ്പര്യത്തിൽ തിളങ്ങി പല്ലവി
പയ്യന്നൂർ സെന്റ് മേരിസ് ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി പല്ലവിയുടെ വിജയം
കണ്ണൂർ: യു.പി വിഭാഗം ലളിതഗാനത്തിൽ ഒന്നാമതായ പല്ലവിക്ക് സംഗീതം പിതാവിൻ്റെ പാരമ്പര്യമായി ലഭിച്ചതാണ്. പയ്യന്നൂർ സെന്റ് മേരിസ് ഹൈസ്കൂളിലെ ആറാം ക്ലാസുകാരിയായ പല്ലവി കുച്ചുപ്പുടി, നാടോടി നൃത്തം തുടങ്ങിയ കലാരൂപങ്ങളിലും മികവ് തെളിയിച്ചുവരുന്നു. നൃത്താഭിരുചി അമ്മയിലൂടെ നേടിയതാണെന്ന് പല്ലവി പറയുന്നു.
ഗായകനായ പിതാവ് — പിലാത്തറ മണ്ടൂർ സ്വദേശി രതീഷ് — സംഗീതം നൽകിയ ലളിതഗാനം ആലപിച്ചാണ് പല്ലവി ഈ വിഭാഗത്തിൽ ഒന്നാമതായത്. വർഷങ്ങൾ മുമ്പ് ഇതേ ഇനത്തിൽ മത്സരിച്ച് തിളങ്ങിയ അച്ഛന്റെ വഴിയിലാണ് മകളും മുന്നേറുന്നത്. ഈ സന്തോഷം ഇരുവരുടെയും മുഖത്ത് തെളിയുന്നു.
ആറ് വയസുമുതൽ പിതാവില്‍ നിന്ന് സംഗീതം അഭ്യസിക്കുന്നുണ്ട് പല്ലവി. നൃത്താദ്ധ്യാപികയായ അമ്മ ഷൈനിയിൽ നിന്നാണ് കുച്ചുപ്പുടിയും മറ്റു നൃത്തവിഭാഗങ്ങളും പഠിക്കുന്നത്.
ശാസ്ത്രീയ സംഗീതം, കുച്ചുപ്പുടി, ദേശഭക്തിഗാനം, തിരുവാതിര എന്നിവയുൾപ്പെടെ പല്ലവിക്ക് മുന്നിൽ നിരവധി മത്സരങ്ങൾ ബാക്കിയുണ്ട്. വിജയയാത്ര തുടരാൻ എല്ലാവിധ ആശംസകളും.
