വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

കണ്ണൂർ: മാരക ലഹരിയായ എം.ഡി.എം.എ വിൽപനക്കെത്തിയ രണ്ടുപേരെ എടക്കാട് പോലീസ് വലയിലാക്കി. എടക്കാട് ചിറക്ക് താഴെ അംഗൻവാടിക്ക് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് കാറിൽ സംശയാസ്പദമായി നിൽക്കുന്നവരെ പരിശോധിച്ചപ്പോൾ 0.770 ഗ്രാം തൂക്കം വരുന്ന എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.
കടലായിയിലെ നിഹാലസ് സ്വദേശി നിദൽ മുഹമ്മദ് (33), മടക്കര പാലത്തിനടുത്ത് പുതുതിപ്പുറത്തെ പി.പി. ഫാസിൽ (31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
എടക്കാട് എസ്ഐ എൻ.ദിജേഷ് നേതൃത്വം നൽകിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ പാൻറ്സിന്റെ പോക്കറ്റിലും കാറിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് ബോട്ടിലിലുമാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.
കുറ്റകൃത്യത്തിൽ ഉപയോഗിച്ച ഐഫോൺ, കാർ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.






