പുഴാതി കോട്ടക്കുന്നിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകർന്നു
കണ്ണൂർ, പുഴാതി: ദേശീയപാത വികസന പ്രവൃത്തി നടക്കുന്ന കണ്ണൂർ പുഴാതി കോട്ടക്കുന്നിൽ, റോഡിൽ മണ്ണിട്ട് നികത്തുന്നതിനിടെ സംരക്ഷണ ഭിത്തി (റിറ്റൈനിങ് വാൾ) തകർന്നു. 32 അടിയോളം ഉയരമുള്ള ഭിത്തിയാണ് തെന്നിമാറിയത്.
ഭിത്തിയുടെ അടിഭാഗം ഏകദേശം രണ്ടടിയോളം പുറത്തേക്ക് തെന്നിമാറിയ നിലയിലാണ്. ഇത് പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
എം.എൽ.എ. സ്ഥലം സന്ദർശിച്ചു
സംഭവത്തെ തുടർന്ന്, കണ്ണൂർ ചിറക്കൽ കോട്ടക്കുന്ന് പുതിയ നാഷണൽ ഹൈവേയുടെ പ്രവൃത്തി നടക്കുന്ന സ്ഥലം കെ.വി. സുമേഷ് എം.എൽ.എ. സന്ദർശിച്ചു.
ദേശീയപാതാ നിർമ്മാണ കമ്പനിയായ വിശ്വസമുദ്രയുടെ പ്രൊജക്റ്റ് മാനേജർ ചക്രപാണിയുമായും സേഫ്റ്റി ഓഫീസർമാരുമായും എം.എൽ.എ. സംസാരിച്ചു. പ്രദേശവാസികളുടെ ആശങ്കയും ഭിത്തി തകർന്നതിൻ്റെ ഗൗരവവും എം.എൽ.എ. ഉദ്യോഗസ്ഥരെ ധരിപ്പിച്ചു.
കെ.സി. ജിഷ, പി. ശ്രുതി, പി. അനിൽ കുമാർ, പി. അജയൻ, എൻ. ശശിന്ദ്രൻ എന്നിവരും എം.എൽ.എ.യോടൊപ്പം സ്ഥലം സന്ദർശിക്കാനെത്തിയിരുന്നു. എത്രയും പെട്ടെന്ന് തകരാർ പരിഹരിച്ച് ഭിത്തി ബലപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

