വെങ്ങര റെയിൽവേ ഗേറ്റ് വീണ്ടും പൂട്ടി: യാത്രക്കാർ ദുരിതത്തിൽ
പഴയങ്ങാടി: യാത്രക്കാർക്ക് ദുരിതമേകി വെങ്ങര റെയിൽവേ ഗേറ്റ് വീണ്ടും ലോക്കായി. ഇന്ന് രാവിലെ 10 മണിയോടെ ഗേറ്റിൽ ടോറസ് (വലിയ ട്രക്ക്) ഇടിച്ചതിനെ തുടർന്നാണ് ഗേറ്റ് തകരാറിലാവുകയും തുറക്കാൻ പറ്റാത്ത അവസ്ഥയിലാവുകയും ചെയ്തത്.
ഗേറ്റ് ലോക്കാതായതോടെ അതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു. റെയിൽവേയുടെ ഗേറ്റ് മെക്കാനിക് വിഭാഗം സ്ഥലത്തെത്തി റിപ്പയർ ചെയ്താൽ മാത്രമേ ഇനി ഗേറ്റ് തുറക്കാൻ കഴിയൂ എന്ന് ഗേറ്റ് മേൻ അറിയിച്ചു.
അപകടങ്ങൾ തുടർക്കഥയാകുന്നു
വാഹനങ്ങൾ ഇടിച്ചു ഈ ഗേറ്റ് ഇടയ്ക്കിടെ ലോക്കാവുന്നത് ഇവിടെ പതിവായിരിക്കുകയാണ്. ഇത് വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും ഉൾപ്പെടെ
നൂറു കക്കണക്കിന് ആളുകൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഡ്രൈവർമാരുടെ അശ്രദ്ധയാണ് ഇത്തരം അപകടങ്ങൾക്ക് പ്രധാന കാരണം.
“ചെറിയൊരു അശ്രദ്ധ കാരണം യാത്രക്കാരും വിദ്യാർത്ഥികളുമാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്ന ഡ്രൈവർമാർക്ക് കടുത്ത ശിക്ഷ നൽകിയാൽ മാത്രമേ ഇനിയെങ്കിലും ഈ അപകടങ്ങൾ കുറയുകയുള്ളൂ,” പരിസരവാസികൾ രോഷത്തോടെ പ്രതികരിച്ചു.
