ലൈഫ് ഗാർഡുകളുടെ പാക്കേജും ഉപകരണങ്ങളും അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യം
കണ്ണൂർ: ടൂറിസം ലൈഫ് ഗാർഡുകൾക്കായി ടൂറിസം വകുപ്പ് 2017-ൽ സർക്കാരിന് സമർപ്പിച്ച പാക്കേജ് അടിയന്തരമായി നടപ്പിലാക്കണമെന്ന് കേരള ടൂറിസം ലൈഫ് ഗാർഡ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നാല് വർഷമായി ലഭിക്കാത്ത യൂണിഫോമും രക്ഷാ ഉപകരണങ്ങളും ഉടൻ വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
കണ്ണൂർ സി. കണ്ണൻ സ്മാരക മന്ദിരത്തിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ യൂണിയൻ പ്രസിഡൻറ് കെ.പി. സഹദേവൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി. ചാൾസൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലൈഫ് ഗാർഡുകളുടെ തൊഴിൽസുരക്ഷ ഉറപ്പാക്കാനും ആനുകൂല്യങ്ങൾ നടപ്പിലാക്കാനും സർക്കാർ വീഴ്ച വരുത്തുന്നുവെന്ന ആശങ്കയും യോഗം രേഖപ്പെടുത്തി.
പ്രസിഡന്റിന് ആദരം:
യൂണിയൻ പ്രവർത്തനങ്ങളിൽ 20 വർഷമായി മുന്നണിയിൽ പ്രവർത്തിക്കുന്ന 89 വയസ്സുള്ള പ്രസിഡൻറ് കെ.പി. സഹദേവനെ യോഗത്തിൽ ആദരിച്ചു. ജനറൽ സെക്രട്ടറി പി. ചാൾസൺ പൊന്നാടയണിയിച്ച് ആദരവു നൽകി. അനാരോഗ്യം കാരണം വിശ്രമത്തിലായിട്ടും സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി തുടരുന്ന സഹദേവൻ്റെ സമർപ്പണം യോഗം അഭിനന്ദിച്ചു.
റോബിൻസൺ, ഭുവനചന്ദ്രൻ, പ്രജിത് ദാസ്, ഡേവിഡ് ജോൺസൺ എന്നിവർ സംസാരിച്ചു.
