October 24, 2025

എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം: മന്ത്രി വീണാ ജോർജ്ജജ്

b937f522-5dc7-4d47-97aa-1e515fde2b24.jpg

എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. കോടിയേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പണമില്ലാത്തതിന്റെ പേരിൽ ആർക്കും ചികിത്സ നിഷേധിക്കപ്പെടാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. നിയമസഭാ സ്പീക്കർ അഡ്വ എ.എൻ ഷംസീർ അധ്യക്ഷനായി.

1991 ൽ വാടക കെട്ടിടത്തിലാണ് കോടിയേരി പ്രാഥമികാരോഗ്യകേന്ദ്രം ആരംഭിച്ചത്. പിന്നീട് ജനകീയ കൂട്ടായ്മയിലൂടെ 12.5 ലക്ഷം രൂപ സമാഹരിച്ച് 71.5 സെന്റ് സ്ഥലം വിലക്ക് വാങ്ങി സെന്റർ പ്രവർത്തനം തുടർന്നു. 2017 ൽ 68 ലക്ഷം രൂപ ചെലവഴിച്ച് പുതിയകെട്ടിടവും മുൻ എം പി കെ.കെ രാഗേഷിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 88.30 ലക്ഷം രൂപ ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിച്ചു. എൻ എച്ച് എം ഫണ്ടിൽ നിന്നും 35 ലക്ഷവും നഗരസഭയുടെ 51 ലക്ഷവും ഉപയോഗിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ചത്. മൂന്ന് ഡോക്ടർമാരടക്കം സ്ഥിരജീവനക്കാരും താൽക്കാലിക ജീവനക്കാരും ഉൾപ്പെടെ 25 ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഭൗതിക സൗകര്യങ്ങൾ വർദ്ധിച്ചതിനൊപ്പം പുതിയ കെട്ടിടത്തിൽ ലാബ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സായാഹ്ന ഒ പിയും ലഭ്യമാണ്.

നഗരസഭാ ചെയർപേഴ്സണൻ കെ.എം ജമുനാറാണി ടീച്ചർ വിശിഷ്ടാതിഥിയായി. ആർദ്രം നോഡൽ ഓഫീസർ ഡോ സി.പി ബിജോയ് റിപ്പോർട്ട് അവതരിപ്പിച്ചു. കോടിയേരിയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം നിർമിക്കാൻ ജനകീയ കമ്മിറ്റി രൂപീകരിക്കുന്നതിന് മുൻകൈ എടുത്ത കെ.എം ബാലൻ, സി പത്മനാഭൻ, കെ.സി പത്മനാഭൻ എന്നിവരെ ആദരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയൂഷ് എം, ഡിപിഎം ഡോ. പി.കെ അനിൽ കുമാർ, നഗരസഭ വൈസ് ചെയർമാൻ എം.വി ജയരാജൻ, ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.കെ സാഹിറ, വാർഡ് കൗൺസിലർ പി മനോഹരൻ, എം സി സി ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രമണ്യം, സി.കെ രമേശൻ, അഡ്വ. എം.എസ് നിഷാദ്, വി.സി പ്രസാദ്, ഖാലിദ് മാസ്റ്റർ, ടി.യു ജയപ്രകാശൻ, വാർഡ് കൺവീനർ വിജയൻ വെളിയമ്പ്ര, മെഡിക്കൽ ഓഫീസർ ഡോ എം.കെ ധന്യ, നഗരസഭാ എ ഇ പി ഷജിൽ എന്നിവർ പങ്കെടുത്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger