October 23, 2025

വിഷൻ 2031: തുറമുഖ വകുപ്പ് സെമിനാർ 30 ന് അഴീക്കോട്‌

3d3877d3-de10-4d0e-b2c5-e4c0bd66a70e.jpg

കേരളത്തിന്റെ ഭാവി വികസനത്തിന് ദിശാബോധം നൽകുന്ന ‘വിഷൻ 2031’ ന്റെ ഭാഗമായി തുറമുഖ വകുപ്പിന്റെ സംസ്ഥാനതല സെമിനാർ ഒക്ടോബർ 30 ന് അഴീക്കൽ തുറമുഖത്ത് നടക്കും. തുറമുഖ വകുപ്പിൽ കഴിഞ്ഞ 10 വർഷത്തെ വികസന പ്രവർത്തനങ്ങളും വരും വർഷങ്ങളിലേക്കുളള വികസന ലക്ഷ്യങ്ങളും സെമിനാറിൽ ചർച്ചയാകും.
കേരളത്തിന്റെ ഭാവി വികസനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ സ്വരൂപിക്കുക, രൂപരേഖ തയ്യാറാക്കുക തുടങ്ങിയവയാണ് ‘വിഷൻ 2031’ സെമിനാർ പ്രധാനമായും ലക്ഷ്യമിടുന്നത്. സംസ്ഥാന രൂപീകരണത്തിന്റെ 75-ാം വാർഷികം 2031-ൽ ആഘോഷിക്കുമ്പോൾ കേരളം എവിടെ എത്തിനിൽക്കണമെന്നതും മുന്നോട്ടുള്ള വികസനത്തിനുള്ള ദിശാബോധം നൽകുന്നതുമായിരിക്കും സെമിനാറിലെ ചർച്ചകൾ. 2031 ഓടെ കേരളം എങ്ങനെയായിരിക്കണം, പ്രധാന മേഖലകളിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാകണം എന്നതിനെക്കുറിച്ച് ആശയങ്ങൾ സ്വരൂപിക്കും. സെമിനാറിൽ വിവിധ മേഖലകളിലെ പ്രതിനിധികൾ ഉൾപ്പെടും. സെമിനാറുകളിലെ ആശയങ്ങൾ സമന്വയിപ്പിച്ച് സംസ്ഥാനതല നയരേഖ രൂപീകരിക്കുകയാണ് പ്രധാന ലക്ഷ്യം.

സെമിനാറിന്റെ വിജയകരമായ നടത്തിപ്പിന് കെ.വി സുമേഷ് എം എൽ എ ചെയർമാനായി സംഘാടക സമിതി രൂപീകരിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൺവീനറായും പോർട്ട് ഓഫീസർ വർക്കിംഗ് കൺവീനറായും പ്രവർത്തിക്കും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തകരടങ്ങിയ ടീം സംഘാടക സമിതിയിൽ പ്രവർത്തിക്കും.

അഴീക്കൽ പോർട്ടിൽ കെ.വി സുമേഷ് എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷൈൻ എ ഹക്ക്, കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ടി. സരള, അഴീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ റീന, പോർട്ട് ഓഫീസർ സഞ്ജയ് നായിക്, വെസ്റ്റേൺ ഇന്ത്യ പ്ലവുഡ് ജനറൽ മാനേജർ ടി.എം ബാവ, ഡെപ്യൂട്ടി കലക്ടർ എ.കെ അനീഷ്, വളപട്ടണം എസ് ഐ പി.കെ സുരേഷ് ബാബു, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger