ഏഴോം കൂറുംബക്കാവ് ക്ഷേത്ര സ്വർണ്ണാഭരണ മോഷണം: പ്രതികളെ പിടികൂടണമെന്ന് സിപിഎം നിവേദനം
പഴയങ്ങാടി: ഏഴോം കൂറുംബക്കാവ് ക്ഷേത്രത്തിൽ നിന്ന് 2021 ഓഗസ്റ്റിൽ മോഷണം പോയ സ്വർണ്ണാഭരണങ്ങളുടെ കേസിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഏഴോം വെസ്റ്റ് ലോക്കൽ കമ്മിറ്റി പയ്യന്നൂർ ഡിവൈഎസ്‌പി കെ. വിനോദ്കുമാറിന് നിവേദനം നൽകി.
മോഷണത്തിന് ശേഷം അന്വേഷണം നടന്നിരുന്നുവെങ്കിലും ഇതുവരെ പ്രതികളെയും സ്വർണ്ണാഭരണങ്ങളെയും കണ്ടെത്താനായിട്ടില്ല. വിദഗ്‌ധ സംഘം നിയോഗിച്ച് ശാസ്ത്രീയമായ അന്വേഷണം നടത്തി കേസിനെ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകണം എന്നും സിപിഎം നിവേദനത്തിൽ ആവശ്യപ്പെട്ടു.
സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.പി. മോഹനൻ, കെ.വി. സന്തോഷ്, ലോക്കൽ സെക്രട്ടറി എം.കെ. സുകുമാരൻ, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ, ടി.വി. കുഞ്ഞിക്കണ്ണൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഡിവൈഎസ്‌പിയെ കണ്ട് നിവേദനം നൽകിയത്.
